പാസ്സുകളുടെ  ദുരുപയോഗം ; ആനവണ്ടിയ്ക്ക് നഷ്ടം  മാസം രണ്ടുകോടി

മുന്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ വാങ്ങാന്‍ എല്ലാ മാസവും ഡിപ്പോകളിലേക്ക് എത്താന്‍ നല്‍കിയിരുന്ന യാത്രാപാസ് ഫാസ്റ്റ് പാസഞ്ചര്‍ വരെയുള്ള ബസുകളില്‍ അനിയന്ത്രിത യാത്രാസൗജന്യമായതാണ് വിനയായത്.39,100 പെന്‍ഷന്‍കാരില്‍ ഫാമിലി പെന്‍ഷന്‍കാരല്ലാത്ത 29,500 പേര്‍ക്ക് സൗജന്യ യാത്രാപാസ് അനുവദിച്ചിട്ടുണ്ട്. ഇതില്‍ പാസ് ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന് മാനേജ്മെന്റ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. കെ.എസ്.ആര്‍.ടി.സി.യില്‍നിന്ന് വിരമിച്ചശേഷം സ്വകാര്യസ്ഥാപനങ്ങളിലും സ്‌കൂളുകളിലും ഡ്രൈവര്‍മാരായി ജോലിചെയ്യുന്ന ഒട്ടേറെ പേരുണ്ട്. ഇവര്‍ ജോലിക്ക് പോകാനും ഉച്ചയൂണിന് മടങ്ങാനുംവരെ പാസ് ഉപയോഗിക്കുന്നുണ്ട്. മുന്‍ മാനേജ്മെന്റുകള്‍ നല്‍കിയ യാത്രാപാസ് ഇപ്പോഴും തുടരുകയാണ്. 1996-ല്‍ പാസ് നല്‍കുമ്പോള്‍ ഡിപ്പോകളില്‍ പെന്‍ഷന്‍വാങ്ങാന്‍ വരാനും തിരികെ മടങ്ങാനുമുള്ള അനുമതിയാണ് നല്‍കിയിരുന്നത്. യാത്രാനുമതി എഴുതി നല്‍കുകയായിരുന്നു. ഒരുമാസം പെന്‍ഷന്‍ നല്‍കുമ്പോള്‍ മടങ്ങിപ്പോകാനും അടുത്തമാസം ഡിപ്പോയില്‍ എത്താനും സൗജന്യയാത്ര അനുവദിച്ചുകൊണ്ട് കുറിപ്പ് നല്‍കും. പിന്നീടത് 16 കിലോമീറ്റര്‍ യാത്ര ചെയ്യാനുള്ള അവകാശവും അടുത്ത ഘട്ടത്തില്‍ സൗജന്യപാസുമായി മാറി.കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തുടരുന്ന അവസ്ഥയില്‍ ഇത്തരം സൗജന്യങ്ങള്‍ നിയന്ത്രിക്കണമെന്ന് ഒരു വിഭാഗം ജീവനക്കാര്‍ ആവശ്യപ്പെടുന്നു. മറ്റു സംസ്ഥാനങ്ങളില്‍ യാത്രാപാസ് നല്‍കിയിട്ടുണ്ടെന്നാണ് പെന്‍ഷന്‍കാരുടെ വാദം. എന്നാല്‍, ഇതര സംസ്ഥാന കോര്‍പ്പറേഷനുകളില്‍ പെന്‍ഷന്‍ നിഷേധിക്കുന്നതുകൊണ്ടാണ് സൗജന്യപാസ് നല്‍കുന്നതെന്ന് മാനേജ്മെന്റ് പറയുന്നു.