അക്കൗണ്ടില്‍ നിന്ന് പണംതട്ടിയാല്‍ നഷ്ടപരിഹാരം ബാങ്ക് നല്‍കണം

പണം നഷ്ടപ്പെട്ടയാള്‍ക്ക് തുക നല്‍കേണ്ടത് ബാങ്കാണ് ബാങ്ക് അക്കൗണ്ടുള്ള ഒരാളുടെ പണം ആരെങ്കിലും തട്ടിയെടുത്താല്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത ബാങ്കിനുണ്ടെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപകമായിട്ടുള്ള എ.ടി.എം. തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ വിധി. പണം നഷ്ടപ്പെട്ടയാള്‍ക്ക് തുക നല്‍കേണ്ടത് ബാങ്കാണ്. ഇക്കാര്യത്തില്‍ യാതൊരു കാരണവശാലും ബാങ്കിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കോട്ടയം ജില്ലയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അക്കൗണ്ട് ഉള്ള പി.വി. ജോര്‍ജ് വിദേശത്ത് ജോലി നോക്കുന്നു. അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്ന് 2.40 ലക്ഷം രൂപയുടെ എ.ടി.എം.തട്ടിപ്പ് നടന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തട്ടിപ്പ് നടന്നത്. തന്റെ അറിവില്ലാതെ അനധികൃതമായി മറ്റാരോ പണം പിന്‍വലിച്ചിരിക്കുന്നു. അതിനാല്‍ തനിക്കുണ്ടായ നഷ്ടം ബാങ്ക് നികത്തണം എന്ന വാദമാണ് അദ്ദേഹം നടത്തിയത്. അതിനെതിരെ ബാങ്ക് നടത്തിയ വാദം ഹൈക്കോടതി തള്ളി. മുന്‍സിഫ് കോടതി ജോര്‍ജിന്റെ ഹര്‍ജി തള്ളിയിരുന്നു. എന്നാല്‍, നഷ്ടപരിഹാരം ബാങ്ക് നല്‍കണമെന്ന് ജില്ലാ കോടതി ഉത്തരവിട്ടു. അതിനെതിരെ ബാങ്ക് നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് നഷ്ടപരിഹാരത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. എ.ടി.എം.കാര്‍ഡിന്റെ പിന്‍ നമ്പര്‍ കാര്‍ഡ് ഉടമയ്ക്ക് മാത്രമേ അറിയൂ. അതിനാല്‍ കാര്‍ഡ് ഉടമയുടെ അറിവില്ലാതെ പണം എടുക്കാന്‍ കഴിയില്ലെന്നുള്ള വാദമാണ് ബാങ്ക് ഉന്നയിച്ചത്. അതിനാല്‍ നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവാദിത്വം ബാങ്കിനില്ലെന്ന് ബാങ്ക് വാദിച്ചു. ഈ വാദം ഹൈക്കോടതി തള്ളി.അന്തര്‍ദേശീയ തട്ടിപ്പ് സംഘമാണ് ഇതില്‍ പങ്കാളിയായതെന്ന് ബാങ്ക് പറഞ്ഞു. മാത്രമല്ല ജോര്‍ജിന് എസ്.എം.എസ്. സന്ദേശം നല്‍കിയിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചില്ലെന്നും ബാങ്ക് പറഞ്ഞു. ഒരു തട്ടിപ്പുകാരന്‍ പണം അനധികൃതമായി പിന്‍വലിച്ചിരിക്കുന്നു. അതിനാല്‍ നഷ്ടം നികത്തേണ്ട ചുമതല ബാങ്കിന് തന്നെയെന്ന് ഹൈക്കോടതി പറഞ്ഞു. എ.ടി.എം. തട്ടിപ്പുകള്‍ തടയാന്‍ ബാങ്കിന് ബാധ്യത തട്ടിപ്പ് തടയാന്‍ ബാങ്ക് നടപടി എടുക്കണം. ഇലക്ട്രോണിക്സ് ബാങ്കിംഗ് സംവിധാനത്തിന് പ്രാമുഖ്യമുള്ള കാലമാണ് ഇപ്പോള്‍. തട്ടിപ്പുകാരെ നേരിടാനും ബാങ്കില്‍ അക്കൗണ്ട് ഉള്ള വ്യക്തിയുടെ പണം സുരക്ഷിതമാക്കുന്ന ഇലക്ട്രോണിക്സ് അന്തരീക്ഷം ബാങ്ക് പ്രാവര്‍ത്തികമാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അക്കൗണ്ട് ഉള്ള വ്യക്തിയുടെ പണം ബാങ്ക് പൂര്‍ണ്ണമായും സംരക്ഷിക്കണം. റിസര്‍വ് ബാങ്ക് ഇക്കാര്യത്തില്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ബാങ്കുകള്‍ പാലിച്ചിരിക്കണം. എസ്.എം.എസ്. സന്ദേശം ബാങ്ക് നല്‍കിയിട്ടും അക്കൗണ്ട് ഉടമ പ്രതികരിച്ചില്ല. തന്റെ അക്കൗണ്ട് ഉടനെ തടയണമെന്ന് അക്കൗണ്ട് ഉടമയ്ക്ക് ബാങ്കിന് നിര്‍ദ്ദേശം നല്‍കാമായിരുന്നു. അങ്ങനെ ചെയ്തിട്ടില്ല. അതിനാല്‍ പണം നഷ്ടപ്പെട്ടതിനുള്ള ഉത്തരവാദിത്വം ബാങ്കിനില്ലെന്നാണ് ബാങ്കിന്റെ വാദം. അത് ഹൈക്കോടതി തള്ളിക്കളഞ്ഞു. എസ്.എം.എസ്. സംബന്ധിച്ച് വ്യവസ്ഥകള്‍ നിലവില്ലാത്തതിനാല്‍ അങ്ങനെയൊരു വാദം ബാങ്കിന് സ്വീകരിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു.