ബാങ്കിനെ തകർക്കാനായി ആപ്പിളിന്റെ കാർഡ് ഐഡിയapple credit card announced rewards daily cash

ലോകത്ത് ആദ്യമായി ഉപയോക്താവിന്റെ ഭാഗത്തു നിന്നു ചിന്തച്ചിറക്കിയ ഒരു ക്രെഡിറ്റ് കാര്‍ഡ് സേവനമാണിതെന്നു പറയാം കഴിഞ്ഞ ദിവസം ആപ്പിള്‍ അവതരിപ്പിച്ച പുതിയ ആശയങ്ങളില്‍ ഏറ്റവുമധികം ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ് ആപ്പിള്‍ കാര്‍ഡ്. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു കാര്‍ഡ് പുറത്തിറക്കുന്നത്. തന്റെ അക്കൗണ്ടിലെ മിനിമം ബാലന്‍സ് തീര്‍ന്നാല്‍ പോലും പിഴയിട്ടു കളിക്കുന്ന ബാങ്കുകളും മറ്റും ഭയന്നേക്കാവുന്ന ആശയവുമായാണ് ആപ്പിള്‍ വരുന്നത്. ഗോള്‍ഡ്മാന്‍ സാച്‌സ്, മാസ്റ്റര്‍കാര്‍ഡ് എന്നിവരുമൊത്ത് അവതരിപ്പിക്കുന്ന ഈ കാര്‍ഡ് തുടക്കത്തില്‍ അമേരിക്കയില്‍ മാത്രമായിരിക്കും ലഭ്യമാക്കുക. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിലുള്ള മുഴുവന്‍ നൂലാമാലകളും ഒറ്റയടിക്ക് ഇല്ലായ്മ ചെയ്യുക എന്നതു കൂടാതെ, ഉപയോക്താവിന് ഗുണകരമായ പലതും ഇതില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തരിക്കുന്നതായി കാണാം. ലോകത്ത് ആദ്യമായി ഉപയോക്താവിന്റെ ഭാഗത്തു നിന്നു ചിന്തച്ചിറക്കിയ ഒരു ക്രെഡിറ്റ് കാര്‍ഡ് സേവനമാണിതെന്നു പറയാം. സ്വന്തം പൈസ ഉപയോക്താവ് ബാങ്കിലിടുന്നു. ഇതിന്റെ മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ പോലും ബാങ്ക് അയാള്‍ക്കു പിഴയിടുന്നു! ഇത്തരം ചതികൾ (അതോ ട്രാജഡിയോ) ആപ്പിള്‍ കാര്‍ഡില്‍ ഉണ്ടാവില്ല. കാര്‍ഡിനായി ആപ്ലിക്കേഷന്‍ വയ്‌ക്കേണ്ട രീതി പാടേ മറ്റി ലളിതമാക്കി. അതിനുള്ള ഫീസ് നല്‍കേണ്ടെന്നതു കൂടാതെ, കൂടുതല്‍ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുകയും ചെയ്യും. ഇതൊന്നും കൂടാതെയാണ് ക്യാഷ് ബാക്ക് എന്ന ആശയം. ബാങ്കിന്റെ കാര്‍ഡ് ഉപയോഗിച്ചാല്‍ അധിക പൈസ നഷ്ടപ്പെടാറാണ് പതിവ്. എന്നാൽ ആപ്പിളിന്റെ കാര്‍ഡ് ഉപയോഗിച്ച് എന്തെങ്കിലും വാങ്ങിയാല്‍ രണ്ടു ശതമാനം സ്വന്തം അക്കൗണ്ടിലേക്ക് തിരിച്ചു നൽകും! ആപ്പിളിന്റെ ഉപകരണങ്ങള്‍ തന്നെയാണു വാങ്ങുന്നതെങ്കില്‍ ഈ കിഴിവ് മൂന്നു ശതമാനമാകും. എല്ലാ ദിവസവും ഇതു ലഭിക്കും. ഇതിനെയാണ് ആപ്പിള്‍ ഡെയ്‌ലി ക്യാഷ് എന്നു വിളിക്കുന്നത്. സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന വന്‍കിട ബാങ്കുകള്‍ക്കും മറ്റും വന്‍ ഭീഷണി ഉയര്‍ത്തിയേക്കാവുന്ന ഒന്നാണ് ആപ്പിള്‍ കാര്‍ഡ് എന്നാണ് പ്രാഥമിക നിഗമനം. പ്രായോഗിക തലത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് അറിയേണ്ടിയിരിക്കുന്നു. ആപ്പിള്‍ കാര്‍ഡിന് സൈന്‍-അപ് ചെയ്യാന്‍ വളരെ എളുപ്പമാണ്. വോലറ്റ് ആപ്പിലെത്തി ഇതു നിര്‍വഹിക്കാം. ചിലവഴിക്കുന്ന തുകയുടെ നിശ്ചിത ശതമാനം ഡെയ്‌ലി ക്യാഷ് ആയി തിരിച്ചു കിട്ടും. ഓരോ തവണ കാര്‍ഡ് ഉപയോഗിക്കുമ്പോഴും ഇതു കിട്ടും. ആപ്പിളിന്റെ ആപ് സ്റ്റോറിലോ, മറ്റേതെങ്കിലും ആപ്പിള്‍ സേവനങ്ങള്‍ക്കായോ (ഉദാഹരണത്തിന് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന സ്ട്രീമിങ് സര്‍വീസസ്) ഉപയോഗിച്ചാല്‍ മൂന്നു ശതമാനം കിഴിവും ലഭിക്കും. ആപ്പിള്‍ പേ ഇല്ലാത്തിടത്ത് ഉപയോഗിക്കാനാണ് ടൈറ്റാനിയം ഉപയോഗിച്ചു നിര്‍മിച്ച ആപ്പിള്‍ കാര്‍ഡ്. ഈ കാര്‍ഡിനുമുണ്ട് ടെക് കമ്പനിക്കുമാത്രം നല്‍കാവുന്ന സവിശേഷതകള്‍. ഇതിനൊരു കാര്‍ഡ് നമ്പറുമില്ല എന്നതാണ് ഒന്നാമത്തെ പ്രത്യേകത. സിവിവി കോഡും കാലാവധി അവസാനിക്കൽ തീയതിയും ഒന്നുമില്ല. ബാങ്കുകളും സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന കമ്പനികളും നല്‍കുന്ന കാര്‍ഡുകളില്‍ ഇവയെല്ലാമാണ് മുഖ്യ ഫീച്ചറുകള്‍. ഇനി ഇതൊന്നും പോരെങ്കിലോ? ക്യാഷ് എവിടെയെല്ലാമാണ് പോയതെന്ന് ഓര്‍ത്തു വയ്ക്കുന്നതില്‍ വിഷമമുള്ള ആളാണ് നിങ്ങളെങ്കിലും പ്രശ്മില്ല. ആപ്പിള്‍ മാപ്‌സുമായി ബന്ധിപ്പിച്ച് എവിടെയൊക്കെ വച്ചാണ് നിങ്ങള്‍ പൈസ ചിലവാക്കിയതെന്ന് കാര്‍ഡ് തന്നെ കണക്കു സൂക്ഷിച്ചോളും! എല്ലാ വാങ്ങലുകളുടെയും കണക്ക് ഓട്ടോമാറ്റിക്കായി കൂട്ടിയും സൂക്ഷിക്കും. പല വിഭാഗങ്ങളായി വേര്‍തിരിച്ചും ഇവ കണക്കുകൂട്ടി വയ്ക്കും. ഭക്ഷണത്തിന്, ഷോപ്പിങ്ങിന്, എന്റര്‍റ്റെയ്ൻമെന്റിന് എന്നെല്ലാം വേര്‍തിരിച്ച് കണക്കെടുത്തോളും. ഓരോ ആഴ്ചയും മാസവും അവസാനം നിങ്ങളുടെ ചിലവാക്കലുകളുടെ ഒരു രത്‌നച്ചുരുക്കവും നല്‍കും. ഈ സേവനം ആദ്യം അമേരിക്കയിലാണ് അവതരിപ്പിക്കുക. ഇന്ത്യ പോലെയുള്ള രാജ്യങ്ങളില്‍ എന്ന് അവതരിപ്പിക്കും എന്നതിനെക്കുറിച്ചുള്ള സൂചനകളൊന്നും കമ്പനി നല്‍കിയില്ല. ഡിവൈസുകള്‍ക്ക് മുൻപുണ്ടായിരുന്ന പ്രാധാന്യം ഇനി ലഭിക്കില്ലെന്ന തിരിച്ചറിവിലാണ് ആപ്പിള്‍ ആറു വര്‍ഷം മുൻപുള്ള പ്രാധാന്യം ഇനിയില്ലെന്ന് ആപ്പിളിനു മനസ്സിലായി കഴിഞ്ഞതിനാലാണ് അവര്‍ പുതിയ വഴി തേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുതിയ വഴികളിലൂടെ ഹാര്‍ഡ്‌വെയര്‍ വില്‍പ്പനയിലെ വരുമാനത്തില്‍ ഉണ്ടാകുന്ന കുറവു നികത്തുക മാത്രമല്ല വാര്‍ഷിക വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യാമെന്ന തിരിച്ചരിവാണ് കമ്പനിയെ പുതിയ തീരുമാനത്തിലേക്കു നയിച്ചിരിക്കുന്നതത്രെ. പുതിയ പല നീക്കങ്ങളും കമ്പനി നടത്തി വരുന്നുണ്ട്.