ആമസോണ്‍ തപാല്‍ വകുപ്പുമായി കൈകോര്‍ക്കും

ഓൺലൈൻ വ്യാപാരത്തിലെ വമ്പന്‍മാരായ ആമസോൺ വഴിയുള്ള ഓർഡറുകൾ ഇനി തപാൽ വകുപ്പ് വിതരണം ചെയ്യും. ആമസോണുമായി തപാൽ വകുപ്പുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണിത്. നിലവില്‍ ആമസോൺ ഉത്പന്നങ്ങളുടെ വിൽപ്പന കൂടുതലും തപാൽ വകുപ്പുവഴിയാണ് നടക്കുന്നത്. പുതിയ കരാറിന്റെ അടിസ്ഥാനത്തില്‍ ആമസോൺവഴിയുള്ള ഓർഡറുകൾ പൂർണമായും തപാൽ വകുപ്പിലൂടെയാകും നടക്കുക. ഓൺലൈൻ വഴി വിപണനം നടത്തുന്ന വിവിധ സ്ഥാപനങ്ങളുമായി തപാൽ വകുപ്പ് കരാറിലെത്തിയെന്നാണ് അധികൃതർ പറയുന്നത്. തപാൽ ശൃംഖല ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയതോടെയാണ് ഇത്തരം ഓണ്‍ലൈന്‍ വമ്പന്‍ മാരുമായികൈകോർക്കാൻ തപാല്‍ വകുപ്പിനായത്. നിലവില്‍ കൂറിയർ സർവീസുകളും മറ്റു വിപണന ഏജൻസികളുമാണ് ഓൺലൈൻ വ്യാപാര സാധനങ്ങൾ ഉപഭോക്താക്കളിലെത്തിക്കുന്നത്. പോസ്റ്റ്മാൻമാരുടെ സാഹായത്തോടെ പാഴ്‌സലുകൾ ഉപഭോക്താക്കളുടെ വീട്ടിൽ എത്തിക്കാനാണ് ശ്രമം. പുതിയ സാധ്യതകൾ മുന്നിൽക്കണ്ട് തപാൽ ഓഫീസുകളുടെ സൗകര്യം വർധിപ്പിച്ചിട്ടുണ്ട്. ഇതിനായി വലിയ സംഭരണശാലകളും നിർമിച്ചുതുടങ്ങി. ഒപ്പം ഓൺലൈൻ ബാങ്കിങ് സൗകര്യങ്ങളും കാർഡുകളും തപാൽവകുപ്പ് ഏര്‍പ്പെടുത്തിയിടുണ്ട്. ഇതോടെ കേരളത്തിൽ ഓൺലൈൻ വിപണനത്തിന് സ്വീകാര്യത കൈവരും.