തട്ടിപ്പ് തടയാൻ സെൽഫിയുമായി ആമസോൺ

ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണ്‍ ചില രാജ്യങ്ങളില്‍ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്ന ഡ്രൈവര്‍മാരോട് റോഡില്‍ വച്ച് സെല്‍ഫി എടുത്ത് താന്‍ തന്നെയാണെന്ന് ഉറപ്പാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ ഇത് ആമസോണ്‍ ഫ്‌ളെക്‌സ് (Amazon Flex) ഡ്രൈവര്‍മാര്‍ക്കാണ് ബാധകം. ഇവര്‍ സ്വതന്ത്ര കോണ്‍ട്രാക്ടര്‍മാരാണ്. സ്വന്തം വാഹനമുപയോഗിച്ച് സാധനങ്ങള്‍ എത്തിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.ഫ്‌ളെക്‌സ് ആപ്പിലൂടെയാണ് ഡെലിവറി പൂര്‍ത്തിയാക്കേണ്ടത്. ഇതിനായി ആപ് തുറക്കുമ്പോള്‍, സെല്‍ഫിയെടുത്ത് നിങ്ങളാരാണ് എന്നറിയാന്‍ ഞങ്ങളെ സഹായിക്കൂ, എന്ന സന്ദേശം പോപ്-അപ് ആയി വരുന്നു. ഡ്രൈവ് ചെയ്യുമ്പോള്‍ സെല്‍ഫി എടുക്കരുത്. ഈ ഫോട്ടോ ഉപയോക്താക്കളെ കാണിക്കില്ല എന്നാണ് ഇതില്‍ പറയുന്നത്. ഈ ആപ് ഫേഷ്യല്‍ റെക്കഗ്നിഷന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നു. ഡ്രൈവറുടെ അക്കൗണ്ടില്‍ സ്‌റ്റോർ ചെയ്തിരിക്കുന്ന അയാളുടെ ഫോട്ടോയുമായി തട്ടിച്ചു നോക്കുകയാണ് സോഫ്റ്റ്‌വെയര്‍ ചെയ്യുന്നത്. ഡ്രൈവര്‍മാര്‍ അവരുടെ ഫ്‌ളെക്‌സ് അക്കൗണ്ടുകള്‍ ദുരൂപയോഗം ചെയ്യാതിരിക്കാനാണ് സെല്‍ഫി എടുക്കാന്‍ ആവശ്യപ്പെടുന്നതെന്നാണ് ആമസോണിന്റെ വിശദീകരണം. ആമസോണില്‍ ജോലിക്കെത്തുന്നവരുടെ പശ്ചാത്തലം അവര്‍ അന്വേഷിക്കാറുണ്ട്. ഇത്തരത്തില്‍ ബാക്ഗ്രൗണ്ട് ചെക്ക് നടത്താത്ത ആരെങ്കിലുമാണോ ഡ്രൈവറുടെ വേഷത്തിലെത്തിയിരിക്കുന്നത് എന്നറിയാനും, ഓരോ ഡ്രൈവര്‍ക്കും കൊടുത്തിരിക്കുന്ന പാക്കേജ് തന്നെയാണോ അവര്‍ കൊണ്ടുവന്നിരിക്കുന്നത് എന്നറിയാനുമാണ് ഇതെന്നും പറയുന്നു. സത്യസന്ധരല്ലാത്ത ചില ഡ്രൈവര്‍മാര്‍ വ്യാജ പാക്കുകള്‍ നല്‍കി, യഥാര്‍ഥ പ്രൊഡക്ട് തട്ടിയെടുക്കുന്നത് ഒഴിവാക്കാനാകുമെന്ന് അവര്‍ പറയുന്നു. പല ഡ്രൈവര്‍മാര്‍ ആമസോണ്‍ അക്കൗണ്ടു ഷെയർ ചെയ്യുന്ന രീതിയും കണ്ടുവന്നിരുന്നു. അത് ഒഴിവാക്കാനും ഉപകരിക്കും. ഇതിലൂടെ ആമസോണ്‍ അംഗീകരിക്കാത്ത ഒരു ഡ്രൈവർക്കും പ്രൊഡക്ട് എത്തിച്ചു കൊടുക്കാനാകില്ല. ആമസോണ്‍ ഫ്‌ളെക്‌സ് അക്കൗണ്ടിന്റെ ബലത്തില്‍ വീടുകള്‍ക്കടുത്ത് സ്വാര്‍ഥ താത്പര്യങ്ങള്‍ക്കായി പോയി നില്‍ക്കുന്നതും ഒഴിവാക്കാം. ഇക്കാര്യങ്ങളെല്ലാം സെല്‍ഫി എടുക്കുന്നതിലൂടെ ഒറ്റയടിക്കു പരിഹരിക്കാമെന്നത് ആമസോണിന്റെ വ്യാമോഹമാണെന്നാണ് ചിലർ പറയുന്നത്. പ്രൊഡക്ട് തട്ടിയെടുത്ത ശേഷവും സെല്‍ഫി ടെസ്റ്റ് പാസാക്കാമല്ലോ എന്നാണ് അവര്‍ പറയുന്നത്. സെല്‍ഫി വേണമെന്നു പറയുന്നതിനു മുൻപ് ആമസോണ്‍ ജോലിക്കാരുടെ ഫോട്ടോകളും ബയോമെട്രിക് ഡേറ്റയും ശേഖരിക്കുന്നതിന് സമ്മതപത്രം വാങ്ങിയിരുന്നു. ഫ്‌ളെക്‌സ് ആപ്പിലുള്ള മറ്റൊരു സന്ദേശം പറയുന്നത് ആമസോണ്‍ നിങ്ങള്‍ നല്‍കിയ ഫോട്ടോകളില്‍ നിന്ന് ഞങ്ങളുടെ ഫയലില്‍ ഉള്ളവ, ഡ്രൈവേഴ്‌സ് ലൈസന്‍സ്, സർക്കാർ നല്‍കിയ ഐഡി പ്രൂഫ് എന്നിവയില്‍ നിന്നൊക്കെ കിട്ടിയ ബയോമെട്രിക് ഡേറ്റ ശേഖരിക്കുകയോ, സ്‌റ്റോർ ചെയ്യുകയോ, ഉരുത്തിരിച്ചെടുക്കുകയോ, ഉപയോഗിക്കുകയോ ചെയ്‌തേക്കാം. ഇവയില്‍ നിന്നെല്ലാം ശേഖരിച്ച ഡേറ്റയുടെ ശേഖരമായിരിക്കും നിങ്ങളുടെ ഐഡന്റിറ്റി ഡേറ്റ. ആമസോണ്‍ ഫ്‌ളെക്‌സ് ആപ് ഈ ഡേറ്റ ഉപയോഗിച്ച് നിങ്ങളെ വേണ്ടപ്പോഴൊക്കെ തിരിച്ചറിയും. നിങ്ങളെ തിരിച്ചറിയാനുള്ള ഡേറ്റ, അനുമതിയുള്ളിടത്തോളം കാലം, അല്ലെങ്കില്‍ നിങ്ങള്‍ ഡിലീറ്റു ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നതു വരെ സൂക്ഷിക്കും. ഫ്‌ളെക്‌സ് ഡ്രൈവര്‍മാര്‍ക്കു മാത്രമാണ് ഈ നിബന്ധന. അവര്‍ക്ക് ഇഷ്ടപ്പെട്ട സമയത്തു ജോലിയെടുക്കാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. കൂടാതെ മണിക്കൂറിന് 18 മുതല്‍ 25 ഡോളര്‍ വരെ ശമ്പളവും ഉണ്ട്. ഇവര്‍ സ്വതന്ത്ര കോണ്‍ട്രാക്ടര്‍മാരെ പോലെയാണ്. തങ്ങളുടെ ഫാക്ടറി ജോലിക്കാര്‍ക്ക് ടോയ്‌ലറ്റില്‍ പോലും പോകാനുള്ള ഇടവേള നല്‍കാതെ കുപ്പിയില്‍ മൂത്രമൊഴിക്കാന്‍ പ്രേരിപ്പിച്ചുവെന്ന് ആരോപണമുള്ള ആമസോണ്‍ സെല്‍ഫി എടുക്കാന്‍ പറയുന്നതില്‍ വലിയ ഭീകരതയൊന്നുമില്ലെന്നു വാദിക്കുന്നതവരും ഉണ്ട്. ഊബര്‍ ഈ രീതി ചില രാജ്യങ്ങളില്‍ കൊണ്ടുവന്നിട്ട് മൂന്നു വര്‍ഷമായി. യാത്ര തുടങ്ങുന്നതിനു മുൻപ് ഡ്രൈവര്‍മാര്‍ ഫോട്ടോ എടുത്തു കൊടുക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. കബളിപ്പിക്കലുകള്‍ ഒഴിവാക്കാനും ഡ്രൈവര്‍മാരുടെ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കി നിർത്താനും ഇത് ഉപകരിക്കുമെന്നാണ് അവര്‍ പറയുന്നത്. ഡ്രൈവര്‍ക്ക് ഉത്തരവാദിത്വത്തോടെ വണ്ടിയോടിക്കേണ്ടി വരുന്നതിനാല്‍ യാത്രക്കാരനു സുരക്ഷ ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുന്നുവെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍, ഇതിനെയെല്ലാം മറികടക്കുന്ന ഊബര്‍ ഡ്രൈവര്‍മാരും ഉണ്ട്. ഇതെല്ലാം തുടക്കം മാത്രമാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്. Delivery Drivers Of Amazon To Take Selfies For Fraud Protection