ധര്‍മ്മജന്റെ  മീന്‍  ഫ്രാഞ്ചൈസിയിലേക്ക്  താരങ്ങള്‍

ധര്‍മ്മജന്റെ മീന്‍ ഫ്രാഞ്ചൈസിയിലേക്ക് താരങ്ങള്‍

വിജയരാഘവൻ, നാദിർഷാ, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, രമേഷ് പിഷാരടി, ടിനി ടോം എന്നിവരാണു ഫ്രാഞ്ചൈസികൾ എടുക്കുന്നത് സിനിമ താരങ്ങള്‍ പലതരം ബിസിനസുകളില്‍ കൈവേക്കാറുണ്ടെങ്കിലും കൂടുതല്‍ ജനകീയമായ ഒരു മേഖല എന്ന നിലയില്‍ മത്സ്യവിൽപന ശൃംഖലയാണ് ജനപ്രിയനായ ധർമജൻ ബോൾഗാട്ടി തിരഞ്ഞെടുത്തത്. ഇപ്പോള്‍ നടന്‍റെ ‘ധർമൂസ് ഫിഷ് ഹബ്’ എന്നറിയപ്പെടുന്ന മത്സ്യവിൽപന ശൃംഖലയിലേക്ക് കൂടുതല്‍ താരങ്ങള്‍ പങ്കു ചേരുകയാണ്. കോട്ടയത്ത് കളത്തിപ്പടിയില്‍ ആരംഭിച്ച ധർമൂസ് ഫിഷ് ഹബിന്റെ പുതിയ ഫ്രാഞ്ചൈസി ഏറ്റെടുത്തിരിക്കുന്നത് നടന്‍ വിജയരാഘവനാണ്. വിജയരാഘവൻ, നാദിർഷാ, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, രമേഷ് പിഷാരടി, ടിനി ടോം എന്നിവരാണു ഫ്രാഞ്ചൈസികൾ എടുക്കുന്നത്. കൊച്ചിയിലെ മൽസ്യബന്ധന ഹബ്ബുകളിലെ മീൻപിടിത്തക്കാരിൽനിന്നു നേരിട്ടു മീൻ വാങ്ങി അയ്യപ്പൻകാവിലെ ധർമൂസ് ഫിഷ് ഹബ്ബിൽ വിൽപനയ്ക്ക് എത്തിക്കുന്ന രീതി സാമ്പത്തികവിജയം കണ്ടതോടെയാണു കൂടുതൽ താരങ്ങൾ പങ്കുചേരുന്നത്. പ്രതിദിനം ശരാശരി രണ്ടര ലക്ഷം രൂപയുടെ വിൽപനയുണ്ട്. ഇടനിലക്കാരെ ഒഴിവാക്കുന്നതിനാൽ മീൻപിടിത്തക്കാർക്കു കൂടുതൽ മികച്ച നിരക്കു ലഭിക്കുന്നുണ്ടെന്നാണ് താരം പറയുന്നത്. മീൻപിടിത്തക്കാർക്ക് എപ്പോൾ പിടിക്കുന്ന മീനും ഉടൻ ധർമൂസ് ഹബ്ബി‍ൽ എത്തിക്കാമെന്നതാണു വിജയത്തിനു പിന്നിലെ ഘടകങ്ങളിലൊന്ന്. കോട്ടയത്ത് വിജയരാഘവനും പാലാരിവട്ടത്ത് കു​ഞ്ചാക്കോ ബോബനും വെണ്ണലയില്‍ രമേഷ് പിഷാരടിയും ആലുവയില്‍ ടിനി ടോമും കളമശേരിയില്‍ നാദിർഷയും ദിലീപും ചേര്‍ന്നാണ് മീൻ ഫ്രാഞ്ചൈസികൾ ഏറ്റെടുത്ത് നടത്തുക. താരങ്ങള്‍ക്ക് മാത്രമല്ല മത്സ്യ ബന്ധനതൊഴിലാളികള്‍ക്കും ഉപഭോക്താക്കള്‍കും ഒരുപോലെ ലാഭകരമാവുകയാണ് ഈ ബിസിനസ്.