റിലയൻസും ആമസോണും കൈകോർക്കുന്നുവോ ?

റിലയൻസും  ആമസോണും കൈകോർക്കുന്നുവോ ?

 ലോകത്തെ ഏറ്റവും വലിയ ധനികനും ആമസോണ്‍ കമ്പനിയുടെ ഉടമയുമായ ജെഫ് ബെയ്‌സോസും ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്‍ മുകേഷ് അംബാനിയും കൈകോര്‍ക്കാനൊരു സാധ്യതയാണ് ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്നത്. ഇക്കാര്യത്തില്‍ അംബാനിയുടെ റിലയന്‍സും ബെയ്‌സോസിന്റെ ആമസോണും തമ്മില്‍ പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതായി റോയിട്ടേസ് റിപ്പോർട്ട് ചെയ്യുന്നു. ഇവ വിജയിക്കണമെന്നു നിര്‍ബന്ധമില്ല. റിലയന്‍സും ലോകത്തെ മറ്റൊരു വലിയ ഓണ്‍ലൈന്‍ സ്ഥാപനമായ ആലിബാബയുമായി നടത്തിവന്ന ചര്‍ച്ച പരാജയമായിരുന്നു. റിലയന്‍സിന് ഇട്ട വില അംഗീകരിക്കാന്‍ അവര്‍ തയാറായില്ല എന്നാണ് കേള്‍ക്കുന്നത്.

ആമസോണ്‍ റിലയന്‍സ് റീട്ടെയ്‌ലിന്റെ 26 ശതമാനം ഓഹരി വാങ്ങാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിക്കു മുൻപ് ഈ സഖ്യം പ്രാബല്യത്തില്‍ വരുത്താനാണ് ഇരു കമ്പനികളും ശ്രമിക്കുന്നതത്രെ.

അപ്പോള്‍ മുകേഷ് അംബാനി സ്വന്തം ഓണ്‍ലൈന്‍ വില്‍പനശാല തുടങ്ങുന്നില്ലെ? അംബാനിയുടെ ഇപ്പോഴത്തെ കടം 2.8 ലക്ഷം കോടി രൂപയാണത്രെ. ഈ കടം അല്‍പം വീട്ടിയെടുക്കുക എന്നതാണ് അംബാനി തന്റെ റീട്ടെയിൽ വിഭാഗത്തിന്റെ ഓഹരി ആമസോണിനു വില്‍ക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൂടുതല്‍ കടമെടുക്കാനുള്ള വിഷമമായിരിക്കാം അംബാനിയെ താത്കാലികമായെങ്കിലും സ്വന്തം ഓണ്‍ലൈന്‍ വില്‍പനശാല തുടങ്ങുന്നതില്‍ നിന്നു പിന്തിരിപ്പിക്കുന്നത്.

കൂടാതെ വില്‍പനയില്‍ ആഗോള തലത്തില്‍ ആമസോണിനുള്ള പരിചയം ടെക്‌നോളജി തുടങ്ങിയവ തങ്ങള്‍ക്ക് ഉപകരിക്കുമെന്ന ചിന്തയും ഉണ്ടാകാം. സപ്ലൈ ചെയ്‌നുകളും ലോജിസ്റ്റിക്‌സും അടക്കമുള്ള ടെക്‌നോളജി തങ്ങള്‍ക്കും പ്രയോജനപ്പെടുത്താമെന്നും അവര്‍ കരുതുന്നുണ്ടാകാം. ഇന്ത്യയില്‍ പലചരക്കു വ്യാപാരം തുടങ്ങാനാണ് ആമസോണ്‍ അടുത്തകാലത്തായി ശ്രമിച്ചു വന്നത്. ഇന്ത്യയിലെ വിവിധ പലവ്യഞ്ജന വ്യാപരശാലകളുമായി ചേര്‍ന്ന് ഇതു നടപ്പാക്കാനാണ് കമ്പനി ശ്രമിച്ചുവന്നത്. ഇത് തങ്ങളുടെ റീട്ടെയിൽ കടകളിലൂടെ നടത്തിയാല്‍ തങ്ങള്‍ക്കും ഗുണകരമാകുമെന്ന തിരിച്ചറിവാണ് അംബാനിയെയും ആമസോണിനെയും അടുപ്പിക്കുന്നതിലെ ഒരു പ്രധാന ഘടകമത്രെ.

ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണി 2021ല്‍ 8400 കോടി ഡോളറായി ഉയരുമെന്നാണ് പ്രവചനം. അതിന്റെ ഒരു പങ്ക് സ്വന്തമാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. വിദേശ കമ്പനികള്‍ക്ക് ഇന്ത്യയില്‍ കച്ചവടം നടത്തുന്നതിന് കൂടുതല്‍ ഇളവുകള്‍ കിട്ടുമെന്നാണ് ആമസോണ്‍ അടുത്തകാലം വരെ പ്രതീക്ഷിച്ചത്. ഒന്നും കിട്ടിയില്ലെന്നു മാത്രമല്ല. സർക്കാർ അവര്‍ക്കു മുന്നില്‍ കൂടുതല്‍ വിലക്കുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഇവ മറികടക്കല്‍ തത്കാലം ഒരുരീതിയിലും നടക്കില്ലെന്ന തിരിച്ചറിവാണ് റിലയന്‍സുമായി ഒരു സഖ്യമുണ്ടാക്കാനുള്ള സാധ്യത ആരായാന്‍ ആമസോണ്‍ തയാറായിരിക്കുന്നതത്രെ.

ഇന്ത്യയൊട്ടാകെ പടര്‍ന്നു കിടക്കുന്ന 10,600 റീട്ടെയിൽ സ്റ്റോറുകളാണ് റിലയന്‍സിനുള്ളത്. ഇവയുമായി യോജിപ്പിച്ച് പുതിയൊരു ബിസിനസ് തന്ത്രം മെനയാന്‍ ആമസോണിനു സാധിച്ചേക്കും. അതു കൂടാതെ ആമസോണിന് ജിയോ ടെലികോം യൂണിറ്റുമായി ഒരുമിച്ചു പ്രവര്‍ത്തിക്കാം. ഏതു രാജ്യത്തും എന്തു ചെയ്യണമെങ്കിലും ലോബിയിങ് വേണമെന്നതാണ് സ്ഥിതി. ഇന്ത്യയില്‍ അംബാനിയുടെ ലോബിയിങ് കഴിവും തങ്ങള്‍ക്ക് ഉപകരിച്ചേക്കാമെന്ന ചിന്തയും ബെയ്‌സോസിന് ഉണ്ടാകാം.

ഇന്ത്യന്‍ ഇകൊമേഴ്‌സ് രംഗത്ത് ഇപ്പോഴും ഒരു ചാണ്‍ മുന്നില്‍ ഫ്‌ളിപ്കാര്‍ട്ട് ആണ് എന്നാണ് പറയുന്നത്. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വോള്‍മാര്‍ട്ട് 1600 കോടി ഡോളര്‍ ചിലവിട്ടാണ് അതിന്റെ ഉടമയായത്. കഴിഞ്ഞ ഡിസംബറില്‍ സര്‍ക്കാർ ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് നിയമങ്ങള്‍ തിരുത്തിയെഴുതിയതോടെ, ഇന്ത്യയില്‍ ആമസോണ്‍ നേരിടുന്ന എല്ലാ വെല്ലുവിളികളും വോള്‍മാര്‍ട്ടും നേരിടുന്നുണ്ട്. ഫ്‌ളിപ്കാര്‍ട്ടിലൂടെ സ്വന്തമായി നടത്തിവന്ന റീട്ടെയിൽ വില്‍പന പൂര്‍ണ്ണമായും നിർത്തിയേക്കും. അതൊന്നും കൂടാതെയാണ് തങ്ങളുടെ ബദ്ധശത്രുവായ ആമസോണ്‍ റിലയന്‍സുമായി ഉണ്ടാക്കിയേക്കാവുന്ന സഖ്യത്തിന്റെ പ്രത്യാഘാതങ്ങള്‍.

ഇരു കമ്പനികളും തമ്മിലുള്ള സഖ്യ വാര്‍ത്തയെക്കുറിച്ചു പ്രതികരിക്കാന്‍ റിലയന്‍സും ആമസോണും വിസമ്മതിച്ചു. കൂടാതെ ഇരു കമ്പനികളും വിട്ടുവീഴ്ചയ്ക്കു തയാറായില്ലെങ്കില്‍ സഖ്യം നിലവില്‍ വരാതിരിക്കാനാണ് സാധ്യതയെന്നും വിലയിരുത്തലുണ്ട്. അതിമോഹമുള്ള രണ്ടു കമ്പനികളാണ് ആമസോണും റിലയന്‍സും. സ്വന്തമായി ഓണ്‍ലൈന്‍ വില്‍പന തുടങ്ങണമെന്ന് കലശലായി ആഗ്രഹിക്കുന്ന സ്ഥാപനമാണ് റിലയന്‍സ്. പൈസയ്ക്ക് ഒരു കുറവുമില്ലാത്തതിനാല്‍ സർക്കാരിന്റെ നിലപാടില്‍ മാറ്റം വരുത്തിയാല്‍ സ്വന്തമായി തന്നെ ഇന്ത്യയില്‍ വിജയിക്കാമെന്ന പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന കമ്പനിയാണ് ആമസോണ്‍.


Will Reliance And Amazon Go Hand In Hand?