കണ്ണൂരില്‍ നിന്നുള്ള ബുക്കിംഗ് 9 ന് തുടങ്ങും; എയര്‍ ഇന്ത്യ എക്സ്പ്രസ്സ്

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ടിക്കറ്റ് ബുക്കിങ് ഈ മാസം 9നു ആരംഭിക്കുമെന്ന്എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. സമയക്രമം ഡിജിസിഎയ്ക്കു നേരത്തേ സമർപ്പിച്ചിരുന്നു. ഉദ്ഘാടന ദിവസമായ ഡിസംബർ 9ന് യാത്രക്കാരുമായുള്ള ആദ്യ വിമാനം പറത്തുന്നത് എയർ ഇന്ത്യ എക്സ്പ്രസ് ആണ്. അബുദാബിയിലേക്കാണ് ആദ്യ സർവീസ്. അന്ന് രാവിലെ 11നു കണ്ണൂരിൽ നിന്നു ടേക്ക് ഓഫ് ചെയ്യുന്ന തരത്തിലാണ് സർവീസ് ക്രമീകരച്ചിരിക്കുന്നത്. ഇതിനായി എയർഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737–800 വിമാനം കണ്ണൂരിലെത്തിക്കും. യുഎഇ സമയം ഉച്ചയ്ക്ക് 1.30ന് വിമാനം അബുദാബിയിലെത്തും. അന്നുതന്നെ അബുദാബിയിൽ നിന്നു തിരിച്ച് കണ്ണൂരിലേക്കും സർവീസുണ്ടാവും. യുഎഇ സമയം ഉച്ചയ്ക്കു 2.30നു പുറപ്പെട്ട് രാത്രി 8നു കണ്ണൂരിലെത്തുന്ന തരത്തിലായിരിക്കും ഈ സർവീസ്. ദുബായിലേക്കും ഷാർജയിലേക്കും പ്രതിദിന സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസ് നടത്തും. അബുദാബിയിലേക്ക് ആഴ്ചയിൽ 4 സർവീസുകളാണ് നടത്താൻ ഉദ്ദേശിക്കുന്നത്. മസ്കത്തിലേക്ക് ആഴ്ചയിൽ 3 ർവീസുകളുണ്ടാകും. ദോഹയിലേക്ക് ആഴ്ചയിൽ 4 സർവീസുകളും റിയാദിലേക്കു 3 സർവീസുകളുമാണ് കണ്ണൂരിൽ നിന്നുണ്ടാവുക. കണ്ണൂരില്‍ നിന്നും പറന്നുയരുന്ന ആദ്യ വിമാനത്തിലെ യാത്രക്കാരാകാനുള്ള സുവര്‍ണ്ണ അവസരമാണിത്.