ഡീസല്‍ കാറുമായി ടാറ്റ ആള്‍ട്രോസ്;എഞ്ചിന്‍ നെക്‌സോണില്‍ നിന്നും

ടാറ്റയുടെ പുതിയ പ്രീമിയം ഹാച്ച്ബാക്ക്, ആള്‍ട്രോസ് ജൂലായ്-ഓഗസ്റ്റ് മാസം വിപണിയില്‍ എത്താൻ സാധ്യത .പ്രാരംഭ ഘട്ടത്തില്‍ ഡീസല്‍ എഞ്ചിന്‍ മാത്രമായിരിക്കും ആള്‍ട്രോസില്‍ ഒരുങ്ങുക. നെക്‌സോണില്‍ ഇപ്പോഴുള്ള 1.5 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ ആള്‍ട്രോസിനായി ടാറ്റ കടമെടുക്കുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ 108 bhp കരുത്തും 260 Nm torque -മാണ് നെക്‌സോണ്‍ ഡീസല്‍ കുറിക്കുന്നത്.ഇതേ ട്യൂണിങ് നില ആള്‍ട്രോസിനും കമ്പനി സമര്‍പ്പിച്ചാല്‍, ശ്രേണിയിലെ ഏറ്റവും കരുത്തന്‍ കാറായി ടാറ്റ ഹാച്ച്ബാക്ക് അറിയപ്പെടും. എന്നാല്‍ ആള്‍ട്രോസിലേക്ക് വരുമ്പോള്‍ എഞ്ചിന്‍ ട്യൂണിങ് 92 bhp - 201 Nm torque എന്ന കണക്കെ നിജപ്പെടുമെന്നും അഭ്യൂഹമുണ്ട്പറയുന്നുണ്ട് . എന്നാൽ  ആദ്യഘട്ടത്തില്‍ പെട്രോള്‍ എഞ്ചിന്‍ വേണ്ടെന്ന് ടാറ്റ തീരുമാനിച്ചതായാണ് വിവരം.നിലവില്‍ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ്, 1.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ യൂണിറ്റുകള്‍ ടാറ്റയുടെ പക്കലുണ്ട്. എന്നാല്‍ വിപണിയില്‍ പിന്നീടൊരവസരത്തില്‍ മാത്രമായിരിക്കും ആള്‍ട്രോസ് പെട്രോള്‍ മോഡലുകള്‍ കടന്നുവരിക. KUV100 -യിലുള്ള 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ ഉപേക്ഷിക്കുമെന്ന് മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്.  ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പിടിമുറുക്കുന്നതിന് മുന്‍പേ ആള്‍ട്രോസ് പെട്രോളിനെ ടാറ്റ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം .നെക്‌സോണിലെ 1.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനാണ് ആള്‍ട്രോസില്‍ സാധ്യത കൂടുതല്‍. 108 bhp കരുത്തും 170 Nm torque ഉം സൃഷ്ടിക്കാന്‍ എഞ്ചിന് ശേഷിയുണ്ട്. ഇതേ ട്യൂണിങ് നില ആള്‍ട്രോസിന് ലഭ്യമാകാം . കഴിഞ്ഞവര്‍ഷം ദില്ലിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് ആള്‍ട്രോസിന്റെ കോണ്‍സെപ്റ്റിനെ ടാറ്റ  അവതരിപ്പിച്ചത്.കൃത്യം ഒരുവര്‍ഷമായപ്പോഴേക്കും ഹാച്ച്ബാക്കിന്റെ പ്രൊഡക്ഷന്‍ പതിപ്പിനെ കമ്പനി യാഥാര്‍ത്ഥ്യമാക്കി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ജനീവ മോട്ടോര്‍ ഷോയിലാണ് ആള്‍ട്രോസ് ഹാച്ച്ബാക്കിനെ ടാറ്റ ഔദ്യോഗികമായി അനാവരണം ചെയ്തത്. ഇന്ത്യയില്‍ മാരുതി ബലെനോ, ഹോണ്ട ജാസ്സ്, ഹ്യുണ്ടായി എലൈറ്റ് i20, വരാന്‍പോകുന്ന ടൊയോട്ട ഗ്ലാന്‍സ മോഡലുകളുമായി ടാറ്റ ആള്‍ട്രോസ് മത്സരിക്കും.ആള്‍ട്രോസിലെ ഫീച്ചറുകളെ കുറിച്ച് ടാറ്റ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനിരിക്കുന്നതേയുള്ളൂ. പ്രീമിയം കാറായതുകൊണ്ട് സൗകര്യങ്ങളിലും സംവിധാനങ്ങളിലും കമ്പനി യാതൊരു കുറവും വരുത്തില്ലെന്ന കാര്യമുറപ്പ്. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, സ്റ്റീരിയോ സ്പീക്കറുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍, പിന്‍ പാര്‍ക്കിങ് ക്യാമറ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, ആറു എയര്‍ബാഗുകള്‍, എബിഎസസ്, വേഗ മുന്നറിയിപ്പ് സംവിധാനം, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ വിശേഷങ്ങള്‍ ഒരുപാട് കാറില്‍ പ്രതീക്ഷിക്കാം.
ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ കാര്‍ നിര്‍മ്മാതാക്കള്‍  ചെറു ഡീസല്‍ കാറുകള്‍ നിര്‍ത്താന്‍ ആലോചിക്കവെ, ആള്‍ട്രോസ് ഡീസലിനെ അവതരിപ്പിക്കാനുള്ള ടാറ്റയുടെ തീരുമാനം വാഹന പ്രേമികളെ ആശയകുഴപ്പത്തിലാക്കാൻ സാധ്യതയുണ്ട് . അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ ഡീസല്‍ കാര്‍ വില്‍പ്പന നിര്‍ത്തുമെന്ന് മാരുതിയും പ്രഖ്യാപിച്ചുകഴിഞ്ഞു. അടുത്ത വർഷം ഏപ്രില്‍ ഒന്നുമുതല്‍ മാരുതി സുസുകി ഡീസല്‍ കാറുകള്‍ വില്‍ക്കില്ലെന്നാണ് തീരുമാനം. ആഗോളതലത്തില്‍ പല മോഡലുകളുടെയും ഡീസല്‍ വകഭേദങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ ഇറങ്ങുന്നില്ല. 2025ഓടെ പാരിസ്, മാഡ്രിഡ്, ഏതന്‍സ്, മെക്‌സിക്കോ തുടങ്ങിയ നഗരങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും ഡീസല്‍ കാറുകള്‍ അപ്രത്യക്ഷമാകും. ഡീസല്‍ കാറുകള്‍ ആധിപത്യം പുലര്‍ത്തിയിരുന്ന യൂറോപ്യന്‍ നഗരങ്ങളും ഡീസല്‍ കാറുകളെ കൈവിട്ടു. ഇന്ത്യ ഡീസല്‍ കാറുകള്‍ക്ക് നല്‍കിയിരിക്കുന്ന സമയപരിധി 2030 ആണ്.അടുത്ത ഏപ്രില്‍ ഒന്നുമുതല്‍ ബിഎസ് – 6മലിനീകരണ നിയന്ത്രണച്ചട്ടങ്ങള്‍ പാലിക്കുന്ന കാറുകളേ വില്‍ക്കാനാകൂ എന്നത്  വില വര്‍ധനക്കും കാരണമായേയ്ക്കാം . 1500 സിസിയില്‍ താഴെ കപ്പാസിറ്റിയുള്ള എന്‍ജിന്‍ ബിഎസ് – 6 ആക്കുമ്പോള്‍ ചെലവേറും. ബിഎസ് – 6 ലേക്കു മാറിയതോടെ യൂറോപ്പില്‍ പോലും ഡീസല്‍ കാറുകള്‍ക്ക് വില കൂടിയിരുന്നു. പെട്രോള്‍ കാറിനേക്കാള്‍ ഗണ്യമായ തോതില്‍ വില വര്‍ധന ഇത്തരം ഡീസല്‍ കാറുകള്‍ക്കുണ്ടാകും. ഇതേ തുടര്‍ന്ന് യൂറോപ്യന്‍ വിപണിയില്‍ ഇത്തരം കാറുകളുടെ വില്‍പ്പന ഇടിയുകയും ചെയ്തിരുന്നു. ഇന്ത്യയിലും സമാന സ്ഥിതി വരാം. രാജ്യത്ത് ബിഎസ്-6 ഡീസല്‍ കാറുകള്‍ക്ക് മികച്ച വില്‍പ്പന നേടാന്‍ സാധിച്ചാല്‍ മാരുതി അടക്കമുള്ള നിര്‍മാതാക്കള്‍ തീരുമാനം പുനഃപരിശോധിക്കാനും സാധ്യതയുണ്ട്.