സഫാരി സ്‌റ്റോം ആര്‍മി എഡിഷന്‍ പുറത്തിറങ്ങി

സൈനികാവശ്യങ്ങള്‍ മുന്‍നിര്‍ത്തി ടാറ്റ രൂപകല്‍പന ചെയ്തു വികസിപ്പിച്ച സഫാരി സ്‌റ്റോം ആര്‍മി എഡിഷന്‍ പുറത്തിറങ്ങി കഴിഞ്ഞദിവസം പൂനെ നിര്‍മ്മാണശാലയില്‍ നിന്നും ആയിരത്തിയഞ്ഞൂറാമത്തെ യൂണിറ്റായി പുറത്തുവന്ന സഫാരി സ്റ്റോമിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരം നേടിക്കഴിഞ്ഞു. ഇന്ത്യന്‍ കരസേനയുടെ ഓര്‍ഡര്‍ പ്രകാരം 3,192 സഫാരി സ്റ്റോം 4X4 എസ്‌യുവികളെയാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ സൈന്യത്തിന് കൈമാറേണ്ടത്. ഇതുവരെ ആയിരത്തിയഞ്ഞൂറ് ആര്‍മി എഡിഷന്‍ സഫാരി സ്റ്റോമുകളെ ടാറ്റ നിര്‍മ്മിച്ചു കഴിഞ്ഞു. പരമാവധി 800 കിലോ ഭാരം വഹിക്കാന്‍ ആര്‍മി എഡിഷന്‍ സഫാരി സ്റ്റോമിന് കഴിയും. സാധാരണ സഫാരി സ്റ്റോമിനെ അപേക്ഷിച്ച് 70 ശതമാനം അധിക കരുത്തും 60 ശതമാനം ഉയര്‍ന്ന പേലോഡും ആര്‍മി എഡിഷന്‍ സഫാരി സ്റ്റോമിനുണ്ട്. 200 ശതമാനം അധിക ടോര്‍ഖും ആര്‍മി എഡിഷന്‍ അവകാശപ്പെടുന്നു. ദുര്‍ഘടമായ നിരത്തുകള്‍ താണ്ടുന്നതിന് സഫാരി സ്റ്റോമിന്റെ സസ്‌പെന്‍ഷനിലും ഡ്രൈവ്‌ട്രെയിനിലും ടാറ്റ മാറ്റങ്ങള്‍ വരുത്തി. മോഡലിന്റെ കരുത്തുത്പാദനം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.മറ്റു സൈനിക വാഹനങ്ങള്‍ പോലെ പച്ച നിറമാണ് ആര്‍മി എഡിഷന്‍ സഫാരി സ്റ്റോമിനും. പട്രോളിംഗിനും പ്രതിരോധാവശ്യങ്ങള്‍ക്കും ജനറല്‍ സര്‍വീസ് 800 ഗണത്തില്‍പ്പെടുന്ന സഫാരി സ്റ്റോമുകളെ സേന ഉപയോഗിക്കും.