റോള്‍സ് റോയ്‌സ് കലിനന്റെ അപരന്‍

ഹൈദരാബാദില്‍ വെച്ച് ക്യാമറ പകര്‍ത്തിയ 'നാടന്‍' റോള്‍സ് റോയ്‌സിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചാരം നേടുകയാണ് റോള്‍സ് റോയ്‌സിന്റെ കലിനന്‍ ഓടിത്തുടങ്ങുന്നതിന് മുമ്പെ റോള്‍സ് റോയ്‌സ് എസ്‌യുവിയുടെ പകര്‍പ്പുകള്‍ രാജ്യത്ത് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിരിക്കുന്നു കലിനന്‍. അത്യാഢംബര വാഹന നിര്‍മ്മാതാക്കളായ റോള്‍സ് റോയ്‌സിന്റെ ആദ്യ എസ്‌യുവി. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് റോള്‍സ് റോയ്‌സ് കലിനന്‍ ഇന്ത്യയിലെത്തിയത്. കാറിന് വിലയാകട്ടെ 6.95 കോടി രൂപയും. എന്നാല്‍ കലിനന്‍ എസ്‌യുവികള്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഓടിത്തുടങ്ങുന്നതിന് മുമ്പെ റോള്‍സ് റോയ്‌സ് എസ്‌യുവിയുടെ പകര്‍പ്പുകള്‍ രാജ്യത്ത് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വെച്ച് ക്യാമറ പകര്‍ത്തിയ 'നാടന്‍' റോള്‍സ് റോയ്‌സിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചാരം നേടുകയാണ്. ബ്രിട്ടീഷ് നിര്‍മ്മാതാക്കളുടെ കലിനന്‍ എസ്‌യുവിയാണ് മോഡിഫിക്കേഷന് ആധാരം. കലിനനിലേക്ക് വേഷം മാറിയതാകട്ടെ ഷെവര്‍ലെ ക്യാപ്റ്റിവയും. കലിനന്റെ ഭാവപ്പകിട്ട് ക്യാപ്റ്റിവയിലേക്ക് സന്നിവേശിപ്പിക്കാന്‍ സൃഷ്ടാക്കള്‍ കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ പ്രൗഢ ഗംഭീരമായ റോള്‍സ് റോയ്‌സ് എസ്‌യുവിയുടെ ഏഴയലത്തു വരില്ല, ഈ പകര്‍പ്പ്. എസ്‌യുവിയുടെ പാര്‍ശ്വങ്ങളില്‍ കലിനന്‍ മാതൃകയില്‍ കട്ടിയേറിയ ക്രോം വിന്‍ഡോ ലൈന്‍ കാണാം. എന്നാല്‍ വിന്‍ഡോ ലൈനിന്റെ സ്ഥാനവും ആകൃതിയും യഥാര്‍ത്ഥ പതിപ്പിനോട് നീതിപുലര്‍ത്തുന്നില്ല. എതിര്‍ദിശയില്‍ തുറക്കാവുന്ന സൂയിസയിഡ് ഡോറുകള്‍ കലിനന്റെ പ്രധാന ആകര്‍ഷണമാണ്. പക്ഷെ മോഡിഫൈ ചെയ്‌തൊരുങ്ങിയ ഷെവര്‍ലെ ക്യാപ്റ്റിവയില്‍ സമകാലിക ഡോര്‍ ശൈലി തുടരുന്നു. ഇതേസമയം മോഡലില്‍ ഒരുങ്ങിയിട്ടുള്ള ആഫ്റ്റര്‍മാര്‍ക്കറ്റ് അലോയ് വീലുകള്‍ ഏറെക്കുറെ കലിനനുമായി യോജിച്ചു നില്‍ക്കും. മുഖരൂപത്തിലാണ് പ്രധാന മാറ്റങ്ങള്‍ മുഴുവന്‍. വലിയ റോള്‍സ് റോയ്‌സ് ഗ്രില്ല് മോഡിഫിക്കേഷന്റെ ഭാഗമായി എസ്‌യുവിയില്‍ കാണാം. എന്നാല്‍ ബോണറ്റില്‍ വിഖ്യാതമായ 'സ്പിരിറ്റ് ഓഫ് എക്സ്റ്റസി' സ്ഥാപിക്കാന്‍ സൃഷ്ടാക്കള്‍ വിട്ടുപോയി. കലിനന്‍ മാതൃകയില്‍ ചതുര ഹെഡ്‌ലാമ്പുകളും തൊട്ടുതാഴെ വട്ടത്തിലുള്ള ഹെഡ്‌ലാമ്പുകളും എസ്‌യുവിയിലുണ്ട്. മുന്‍ ബമ്പറും റോള്‍സ് റോയ്‌സ് മോഡലിനെ ഓര്‍മ്മപ്പെടുത്തും. മോഡിഫിക്കേഷന്റെ ചിലവ് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമല്ല. റോള്‍സ് റോയ്‌സ് കലിനന്റെ കാര്യമെടുത്താല്‍ അലൂമിനിയം സ്‌പേസ് ഫ്രെയിമിലാണ് മോഡല്‍ പുറത്തിറങ്ങുന്നത്. പുതുതലമുറ ഫാന്റവും ഇതേ അടിത്തറതന്നെ ഉപയോഗിക്കുന്നു. 22 ഇഞ്ച് വലുപ്പമുണ്ട് കലിനന്‍ എസ്‌യുവിയുടെ അലോയ് വീലുകള്‍ക്ക്. 1930 -കളിലെ റോള്‍സ് റോയ്‌സ് കാറുകളെ അനുസ്മരിച്ച് ഡി-ബാക്ക് ആകാരമാണ് കലിനന്‍ പാലിക്കുന്നത്. എസ്‌യുവിയുടെ പിന്നഴകിന് ഈ ശൈലി കൂടുതല്‍ ചാരുത സമര്‍പ്പിക്കുന്നു. ബൂട്ട് ശേഷി 600 ലിറ്റര്‍. മറ്റു റോള്‍സ് റോയ്‌സ് കാറുകളെ അപേക്ഷിച്ച് കൂടുതല്‍ ആധുനികമാണ് കലിനന്റെ അകത്തളം. ആവശ്യാനുസരണം അഞ്ചു സീറ്ററായോ, നാലു സീറ്റററായോ കലിനനെ മാറ്റാം. ഇതിനു വേണ്ടി 'ഇന്‍ഡിവിജ്വല്‍ സീറ്റ്' സംവിധാനം മോഡലിലുണ്ട്. വ്യൂയിംഗ് സ്യൂട്ട് പാക്കേജും റോള്‍സ് റോയ്‌സ് കലിനന്റെ സവിശേഷതയില്‍പ്പെടും. ഓപ്ഷനലാണ് ഈ ഫീച്ചര്‍. പിറകിലെ ബൂട്ടില്‍ രണ്ടു കസേരകളും ഒരു ചെറു ടേബിളും വ്യൂയിംഗ് സ്യൂട്ട് പാക്കേജിന്റെ ഭാഗമായി ഒരുങ്ങുന്നു. കലിനനിലെ 6.75 ലിറ്റര്‍ ഇരട്ട ടര്‍ബ്ബോ V12 പെട്രോള്‍ എഞ്ചിന് 571 bhp കരുത്തും 650 Nm torque ഉം സൃഷ്ടിക്കാന്‍ ശേഷിയുണ്ട്. മണിക്കൂറില്‍ 250 കിലോമീറ്ററാണ് എസ്‌യുവിയുടെ പരമാവധി വേഗം. ഓള്‍ വീല്‍ ഡ്രൈവുള്ള ആദ്യ റോള്‍സ് റോയ്‌സ് കാര്‍ കൂടിയാണ് കലിനന്‍. replica of rolls royce cullinan