ജീപ്പായി മാറിയ മഹീന്ദ്രയുടെ ബൊലേറോ

ജീപ്പായി മാറിയ മഹീന്ദ്രയുടെ ബൊലേറോ രൂപമാറ്റങ്ങൾ വരുത്തണമെങ്കിൽ 8.5 ലക്ഷം മുതൽ 10 ലക്ഷം രൂപവരെ ഗ്രീൻ ആർമി മോട്ടോർസ്പോർട്സ് നിങ്ങളിൽ നിന്ന് ഈടാക്കും പത്തുലക്ഷം രൂപയ്ക്ക് ജീപ്പായി മാറിയ ബൊലേറോയെ കുറിച്ച് കേൾക്കാം ടെർമിനേറ്റർ എന്ന സിനിമയെക്കുറിച്ച് ഒരുപക്ഷേ നിങ്ങൾ കേട്ടിട്ടുണ്ടാവും. എന്നാൽ ടെർമിനേറ്റർ എന്ന വാഹനത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? എന്നാൽ അങ്ങനെ ഒന്നുണ്ട്. ഗുരുഗ്രാം ആസ്ഥാനമായ ഗ്രീൻ ആർമി മോട്ടോർസ്പോർട്സ് ആണ് ഈ വാഹനത്തിന്റെ രൂപകൽപനയ്ക്ക് പിന്നിൽ. ടെർമിനേറ്റർ എന്ന പേര് കേട്ട് ഞെട്ടണ്ട, ഇത് നമ്മൾക്കെല്ലാവർക്കും പരിചിതമായ ഒരു വാഹനമാണ്. മഹീന്ദ്ര ബൊലേറോയെ ആണ് രൂപവും ഭാവവും മാറ്റി ടെർമിനേറ്റർ ആക്കിയിരിക്കുന്നത്. ഏതായാലും കാഴ്ചയ്ക്കൊത്ത പേര് തന്നെയാണ് ഗ്രീൻ ആർമി മോട്ടോർസ്പോർട്സ് എസ് യുവിയ്ക്ക് നൽകിയിരിക്കുന്നത്. ജീപ്പിനെ അനുസ്മരിപ്പിക്കും വിധത്തിലുള്ള ഫ്രണ്ട് ഗ്രില്ലും അനൗദ്യോഗികമായ ജീപ്പ് മുദ്രയുമാണ് ബൊലേരോ ടെർമിനേറ്ററിന്റെ മുൻകാഴ്ചകൾ. ബ്ലാക്ക് റിമ്മുകളോട് കൂടിയ മാക്സിസ് ബിഗ്ഹോൺ ഓഫ് റോഡ് ടയറുകൾ ക്ലാസിക് ദൃശ്യഭംഗിയാണ് ടെർമിനേറ്ററിന് നൽകുന്നത്. ഭീമമായ ഗ്രൗണ്ട് ക്ലിയറൻസും വലിയ ബോണറ്റും നിരത്തിൽ ടെർമിനേറ്ററിന്റെ ആധിപത്യം ഉറപ്പാക്കുന്നു. മുമ്പിലെ ഏഴ് സ്ലോട്ട് ഗ്രില്ലും വട്ടത്തിലുള്ള ഹെഡ് ലൈറ്റുകളും ക്ലാസിക് ജീപ്പിനെ അനുസ്മരിപ്പിക്കുന്നു. മുൻ ഭാഗത്തെ ബുൾ ബാർ കുറച്ച് മുന്നിട്ട് നിൽക്കുന്ന രീതിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. വശങ്ങളിൽ ജീപ്പ് റാങ്ലർ മുദ്രയും വലിയ വീൽ ആർച്ചുകളുമുണ്ട്. മുൻഭാഗത്തെ വീൽ ആർച്ചുകളിൽ ഇൻഡിക്കേറ്ററുകൾ ഘടിപ്പിച്ചിട്ടുണ്ട്. സാധാരണ ബൊലേരോയുടെ വശങ്ങളിലെ രീതിയിൽ തന്നെയാണ് ഇവിടെയും നിർമ്മിതി. മൂന്ന് സെക്ഷനായി വിഭജിച്ച വശങ്ങളിൽ ഓരോ സെക്ഷനും പ്രത്യേകം ഗ്ലാസ്സുകൾ ഉണ്ട്. ഇന്റീരിയറിലും കാതലായ മാറ്റം ഇവർ വരുത്തിയിട്ടുണ്ട്. ബ്ലാക്ക് നിറത്തിലുള്ള ക്യാബിനാണ് ടെർമിനേറ്ററിന്റെ ഇന്റീരിയർ. പവർ അഡ്ജസ്റ്റബിൾ മുൻസീറ്റുകൾ, സ്റ്റിയറിങ്ങിലെ ലെതർ ആവരണം, ബ്ലാക്ക് ലെതർ സീറ്റുകൾ, ഡാഷ്ബോർഡിലെ വലിയ ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവ സവിശേഷതകൾ. ഇത്തരത്തിൽ ആവശ്യമായ രൂപമാറ്റങ്ങൾ വരുത്തണമെങ്കിൽ 8.5 ലക്ഷം മുതൽ 10 ലക്ഷം രൂപവരെ ഗ്രീൻ ആർമി മോട്ടോർസ്പോർട്സ് നിങ്ങളിൽ നിന്ന് ഈടാക്കും. 7.09 ലക്ഷം മുതൽ 9.29 ലക്ഷം രൂപ നിരക്കിൽ സാധാരണ ബൊലേരോ ലഭ്യമാകുന്നത്. നവീകരിച്ച ഈ പതിപ്പായ ടെർമിനേറ്ററിന് വില കൂടും. പണ്ടെങ്ങോ അമേരിക്കയിൽ നിന്നു കിട്ടിയ ഒരു വില്ലീസ് ജീപ്പ് സാങ്കേതികതയിൽ അടിത്തറയിട്ടു തുടങ്ങിയ വളർച്ചയാണ് മഹീന്ദ്രയ്ക്ക്. ഇപ്പോൾ ഏറ്റവും പുതിയ അമേരിക്കൻ സാങ്കേതികതയ്ക്കും മഹീന്ദ്ര വെല്ലുവിളിയാണ്. എന്നാൽ കീറിമുറിച്ചു നോക്കിയാൽ ഇന്നും മഹീന്ദ്രകളിൽ ആ പഴയ വില്ലീസ് പാരമ്പര്യവും കണ്ടെത്താം. ഈ പാരമ്പര്യം ആധുനികതയിൽ നന്നായി അരച്ചു ചേർക്കുന്നതിലാണ് മഹീന്ദ്രയുടെ വിജയം. ബൊലേറോ അത്തരമൊരു ജയ വാഹനമാണ്. ബൊലേറോ എന്നാൽ ഒരു ലാറ്റിനമേരിക്കൻ താളമാണ്. മഹീന്ദ്ര ബൊലേറോയ്ക്ക് എന്തായാലും ആ താളം പേരിൽ മാത്രം. ജീപ്പിൽ നിന്ന് മികവുള്ള എസ് യു വിയിലേക്കുള്ള മഹീന്ദ്രയുടെ ആദ്യ കാൽ വയ്പ് അർമാദാ ഗ്രാൻഡായിരുന്നു. ഗ്രാൻഡിൽ അധിഷ്ഠിതമായ പരിഷ്കൃത രൂപമത്രെ ബൊലേറോ. അടിസ്ഥാനം പഴയ വില്ലീസ് ലാഡർ ഷാസി തന്നെ. അതുകൊണ്ടു തന്നെ ജീപ്പ് പോലെ ഒരു കൾട്ട് വാഹനമായി ബെലേറോ അംഗീകാരം നേരത്തെ നേടിക്കഴിഞ്ഞു.