ജാവ ഇന്ത്യയിലേക്ക് തിരിച്ചെത്തി

 റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലിന്‌ കടുത്ത മത്സരം തീര്‍ക്കാന്‍ പ്രാപ്തമാണ് ജാവ ഒരു കാലത്ത് ഇന്ത്യന്‍ നിരത്തിലെ താരരാജാക്കന്‍മാരായിരുന്ന ജാവ ബൈക്കുകള്‍ ഇന്ത്യയില്‍ തിരിച്ചെത്തി. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്റ്‌സിന് കീഴിലാണ് ജാവയുടെ മടങ്ങിവരവ്. മുംബൈയില്‍ നടന്ന ചടങ്ങില്‍ ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകള്‍ അവതരിപ്പിച്ചുകൊണ്ടാണ് ജാവ ബ്രാന്‍ഡ് തിരിച്ചുവരവ് ഗംഭീരമാക്കിയത്. പഴയ ഐതിഹാസിക ജാവ ബൈക്കുകളോട് സാമ്യമുള്ള ക്ലാസിക് രൂപം കൈവരിച്ച ജാവ, ജാവ 42 എന്നീ മോഡലുകളാണ് ആദ്യം നിരത്തിലെത്തുക. 293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് രണ്ടിനും കരുത്തേകുക. 27 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. ഫാക്ടറി കസ്റ്റം മോഡലാണ് ജാവ പെരാക്ക്. 30 ബിഎച്ച്പി പവറും 31 എന്‍എം ടോര്‍ക്കുമേകുന്ന 334 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതിലുള്ളത്.ജാവയ്ക്ക് 1.64 ലക്ഷം രൂപയും ജാവ 42 മോഡലിന് 1.55 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. നവംബര്‍ 15 മുതല്‍ വാഹനത്തിന്റെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിക്കും. ഡിസംബറോടെ ഉപഭോക്താക്കള്‍ ബൈക്കുകള്‍ കൈമാറും. കസ്റ്റംമെയ്ഡ് ജാവ പെരാക്കിന് 1.89 ലക്ഷം രൂപ വരും ഡല്‍ഹി എക്‌സ്‌ഷോറൂം വില. വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റ്, ട്വിന്‍ എക്സ്ഹോസ്റ്റ്, വലിയ ഇന്ധന ടാങ്ക്, സ്പോക്ക് വീല്‍ എന്നിവയ്‌ക്കൊപ്പം പഴയ ജാവയുടെ മെറൂണ്‍ നിറത്തിലാണ് ജാവ അവതരിച്ചത്. വിപണിയില്‍ മുഖ്യ എതിരാളിയായ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലിന്‌ കടുത്ത മത്സരം തീര്‍ക്കാന്‍ പ്രാപ്തമാണ് ജാവ, ജാവ 42 ബൈക്കിന്റെ ഓവറോള്‍ രൂപഘടന. 14 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. സുരക്ഷയ്ക്കായി മുന്നില്‍ 280 എംഎം ഡിസ്‌ക് ബ്രേക്കിനൊപ്പം സിംഗിള്‍ ചാനല്‍ എബിഎസുണ്ട്. ചെക്ക് ബ്രാന്‍ഡായ ജാവ മോട്ടോര്‍സൈക്കിള്‍സിനെ കഴിഞ്ഞ വര്‍ഷമാണ് മഹീന്ദ്രയ്ക്ക് കീഴിലുള്ള ക്ലാസിക് ലെജന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തിരുന്നത്. മഹീന്ദ്രയുടെ ഈ തീരുമാനമാണ് ഇന്ത്യയിലേക്ക് ജാവയുടെ തിരിച്ചുവരവ് സാധ്യമാക്കിയതും.