ഇന്‍ഡസ് ഗോ... ഇഷ്ടമുള്ള കാറില്‍ യാത്ര ചെയ്യാം

ഇന്‍ഡസ് മോട്ടോഴ്‌സില്‍ നിന്ന് ഇനി മുതല്‍ കാറുകള്‍ വാടകയ്ക്കും ലഭിക്കും. ഇന്‍ഡസ് ഗോ എന്ന പേരിലാണ് ഈ റെന്റ് എ കാര്‍ സംവിധാനം ആരംഭിച്ചിരിക്കുന്നത്. മാരുതി ഓള്‍ട്ടോ മുതല്‍ മെഴ്സിഡസ് ബെന്‍സ് വരെയുള്ള 24 മോഡലുകളാണ് വിവിധ ഡീലര്‍ഷിപ്പുകളിലൂടെ ഇന്‍ഡസ് ഗോ വാടകയ്ക്ക് ലഭ്യമാക്കുന്നത്. പ്രധാനമായും പ്രവാസികളെയും ബിസിനസുകാരെയും ലക്ഷ്യമാക്കിയാണ് സര്‍വീസ്.പ്രാരംഭ ഘട്ടത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങളില്‍ മാത്രമായിരിക്കും ഈ സേവനം ലഭ്യമാക്കുന്നത്. തുടര്‍ന്ന് കേരളത്തിലെ മറ്റ് നഗരങ്ങളിലേക്കും ഇന്‍ഡസ് ഗോയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും.കേരളത്തിലെ ആദ്യ സംയോജിത അംഗീകൃത റെന്റ് എ കാര്‍ സര്‍വീസാണ് ഇതെന്നും ഈ രംഗത്ത് കൂടുതല്‍ സേവനങ്ങള്‍ നല്‍കുമെന്നും ഇന്‍ഡസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പി.വി. അബ്ദുള്‍ വഹാബ് പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മണിക്കൂറുകളിലും ദിവസങ്ങളിലുമൊക്കെ കാര്‍ ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാനാകും. വിവിധ മോഡലുകള്‍ക്ക് അനുസരിച്ച് 1,200 രൂപ മുതല്‍ മുകളിലേക്കാണ് വാടക നിരക്ക്.