വീണ്ടും വിലക്കൂട്ടി ഹീറോ

ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വില ഹീറോ വീണ്ടും കൂട്ടി. ഇത്തവണ മോഡലുകളില്‍ അഞ്ഞൂറു രൂപ വരെയാണ് കമ്പനി വില വര്‍ധിപ്പിച്ചത്. ഇന്ത്യയില്‍ ഉടനീളം പുതുക്കിയ വില പ്രാബല്യത്തില്‍ വന്നതായി ഹീറോ മോട്ടോകോര്‍പ് അറിയിച്ചു. വാഹന ഘടകങ്ങളുടെ വില ഉയര്‍ന്നതും നിര്‍മ്മാണ ചിലവുകള്‍ വര്‍ധിച്ചതുമാണ് മോഡലുകളുടെ വില കൂടാന്‍ കാരണം. അതത് മേഖലകളെ അടിസ്ഥാനപ്പെടുത്തി മോഡലുകളുടെ വില വര്‍ധനവില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകും. ഈ വര്‍ഷമിത് മൂന്നാം തവണയാണ് മോഡലുകളുടെ വില ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ഹീറോ കൂട്ടുന്നത്. നേരത്തെ ജനുവരി, ഏപ്രില്‍ മാസങ്ങളില്‍ മുഴുവന്‍ മോഡലുകളുടെയും വില കമ്പനി ഉയര്‍ത്തിയിരുന്നു. ജനുവരിയില്‍ നാനൂറ് രൂപയും ഏപ്രിലില്‍ അറുനൂറു രൂപയുമാണ് ഹീറോ കൂട്ടിയത്.മോഡലുകളുടെ വില തുടരെ ഉയര്‍ത്തുമ്പോഴും വാഹനങ്ങളുടെ വിറ്റുവരവ് മുന്‍വര്‍ഷത്തേക്കാള്‍കുതിച്ചുയരുകയാണ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 6,24,185 യൂണിറ്റ് വില്‍പനയാണ് ഹീറോ നടത്തിയതെങ്ങില്‍ കഴിഞ്ഞ മാസം മാത്രം 7,04,562 യൂണിറ്റ് വില്‍പന കമ്പനി ഇന്ത്യയില്‍ കുറിച്ചു.