ഇലക്ട്രിക്ക് ഡ്യൂക്ക്

ഇലക്ട്രിക് ഡ്യൂക്ക്

ദശാബ്ദത്തോളമെത്തിയ ബജാജ് - കെടിഎം സഖ്യം വൈദ്യുത വാഹന വിഭാഗത്തിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തയാറെടുക്കുന്നു. ഓസ്ട്രിയന്‍ നിര്‍മാതാക്കളായ കെ ടി എമ്മുമായുള്ള പങ്കാളിത്തത്തിന്റെ രണ്ടാം ഘട്ടമെന്ന നിലയിലാണു ബജാജ് പരസ്പര സഹകരണത്തോടെ പ്രീമിയം വൈദ്യുത ബൈക്ക് വികസിപ്പിക്കാന്‍ ഒരുങ്ങുന്നത്.

സമീപ ഭാവിയില്‍ ഈ കൂട്ടുകെട്ടില്‍ നിന്നുള്ള പ്രീമിയം ഇ മോട്ടോര്‍ സൈക്കിള്‍ വില്‍പ്പനയ്‌ക്കെത്തുമെന്നു ബജാജ് ഓട്ടോ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ശര്‍മയാണു സൂചിപ്പിച്ചത്. നിലവില്‍ ഈ ബൈക്ക് വികസനഘട്ടത്തിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി. വൈദ്യുത വാഹന വിഭാഗത്തിലേക്കു കടക്കുന്നതു സംബന്ധിച്ച് ബജാജ് ഓട്ടോ ലിമിറ്റഡും കെ ടി എമ്മും നേരത്തെയും സൂചനകള്‍ നല്‍കിയിരുന്നു. ബജാജിന്റെ സഹകരണത്തോടെ വികസിപ്പിക്കുന്ന വൈദ്യുത വാഹനങ്ങള്‍ പുണെയിലെ ശാലയിലാവും നിര്‍മിക്കുകയെന്നും കെ ടി എം അറിയിച്ചിരുന്നു. എന്നാല്‍ ഉടനടിയൊന്നും വൈദ്യുത വാഹന നിര്‍മാണം തുടങ്ങാന്‍ ഇരുപങ്കാളികള്‍ക്കും പദ്ധതിയില്ല. മിക്കവാറും 2022ലാവും ബജാജ് - കെ ടി എം സഖ്യത്തിന്റെ ആദ്യ വൈദ്യുത ബൈക്ക് പുറത്തിറങ്ങുകയെന്നാണു വിലയിരുത്തല്‍.

പവേഡ് ടു വീലര്‍(പി ടി ഡബ്ല്യു) പദ്ധതി പ്രകാരം 48 വോള്‍ട്ട് വൈദ്യുത പ്ലാറ്റ്‌ഫോമാണു ബജാജും കെ ടി എമ്മും ചേര്‍ന്നു വികസിപ്പിച്ചുവരുന്നത്. ഈ പ്ലാറ്റ്‌ഫോമില്‍ വൈദ്യുത സ്‌കൂട്ടറുകളും മോപ്പഡുകളും സമാന വാഹനങ്ങളുമൊക്കെ യാഥാര്‍ഥ്യമാക്കാനാവും. മൂന്നു കിലോവാട്ട്(നാലു പി എസ്) മുതല്‍ 10 കിലോവാട്ട് (13 പി എസ് വരെ) പവര്‍ ഔട്ട്പുട്ട് സാധ്യമാക്കാന്‍ ഈ പ്ലാറ്റ്‌ഫോമിനു കഴിയുമെന്നാണു വിലയിരുത്തല്‍.

'ഡ്യൂക്ക് 390' ബൈക്കിന്റെ വൈദ്യുത പതിപ്പാവും കെ ടി എം ആദ്യം അവതരിപ്പിക്കുകയെന്നാണു കരുതുന്നത്. ഇത്തരം ബൈക്ക് മാതൃകകള്‍ കെ ടി എം വ്യാപക പരീക്ഷണ ഓട്ടത്തിന് ഉപയോഗിക്കുന്നതും പലതവണ വെളിച്ചത്തായിരുന്നു.

ബജാജാവട്ടെ പുതിയ ബ്രാന്‍ഡായ 'അര്‍ബനൈറ്റ്' ശ്രേണിക്ക് അനുയോജ്യമായ വൈദ്യുത സ്‌കൂട്ടര്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഈ വാഹനത്തിന്റെ പരീക്ഷണ ഓട്ടവും ഊര്‍ജിതമായി പുരോഗമിക്കുന്നുണ്ട്. പണ്ട് ഇന്ത്യന്‍ ഇരുചക്രവാഹന വിപണിയെ അടക്കിവാണിരുന്നു സ്‌കൂട്ടറായ 'ചേതക്' എന്ന പേര് അര്‍ബനൈറ്റ് ശ്രേണിയില്‍ തിരിച്ചെത്തിക്കാനും ബജാജിനു പദ്ധതിയുണ്ടെന്നു പറയപ്പെടുന്നു.

The Electric Duke