അവഞ്ചര്‍ 180-യുടെ പകരക്കാരനാവാന്‍ അവഞ്ചര്‍ സ്ട്രീറ്റ് 160 സിസി

അവഞ്ചര്‍ 180-യുടെ പകരക്കാരനാവാന്‍ അവഞ്ചര്‍ സ്ട്രീറ്റ് 160 സിസി ബജാജിന്റെ ക്രൂയിസര്‍ മോഡലായ അവഞ്ചര്‍ ശ്രേണിയിലേക്ക് പുതിയ ഒരു ബൈക്ക് കൂടിയെത്തുന്നു. 160 സിസി കരുത്തുമായാണ് പുതിയ അവഞ്ചര്‍ സ്ട്രീറ്റ് എത്തുന്നത്. 81,037 രൂപയാണ് ഈ ബൈക്കിന്റെ എക്‌സ്‌ഷോറും വില. അവഞ്ചറിന്റെ പരമ്പരാഗത ഡിസൈനാണ് ഈ ബൈക്കിലുമുള്ളത്. അതേസമയം, നിലവില്‍ നിരത്തിലുള്ള അവഞ്ചര്‍ സ്ട്രീറ്റ് 180-യുടെ ഉത്പാദനം അവസാനിപ്പിക്കുന്നതായും സൂചനയുണ്ട്. ഈ മോഡലിന് പകരക്കാരനായാണ് 160 സിസി എത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, സ്ട്രീറ്റ് 180-യില്‍ നല്‍കിയതിനേക്കാള്‍ ഫീച്ചറുകള്‍ പുതിയ ബൈക്കിലൊരുക്കും. 160 സിസി അവഞ്ചര്‍ സ്ട്രീറ്റില്‍ സിംഗിള്‍ ചാനല്‍ എബിഎസ് ബ്രേക്കാണ് സുരക്ഷയൊരുക്കുന്നത്. വിലയില്‍ സ്ട്രീറ്റ് 180-യെക്കാള്‍ 7040 രൂപ കുറച്ചാണ് സ്ട്രീറ്റ് 160 ബജാജ് പുറത്തിറക്കിയിരിക്കുന്നത്. അവഞ്ചര്‍ 180-യുടെ പ്ലാറ്റ്‌ഫോമിലാണ് 160 സ്ട്രീറ്റിന്റെയും നിര്‍മാണം. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ് ഉള്‍പ്പെടെ നല്‍കിയിട്ടുള്ള ഹെഡ്ലാംമ്പ്, സിംഗിള്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന് ചുറ്റുമുള്ള ബ്ലാക്ക് വൈസര്‍, പുതിയ ഗ്രാഫിക്സ് എന്നിവയാണ് സ്ട്രീറ്റ് 160-യേയും ആകര്‍ഷകമാക്കുന്നത്. റെഡ്, ബ്ലാക്ക് എന്നീ നിറങ്ങളില്‍ മാത്രമാണ് പുതിയ മോഡല്‍ എത്തിയിട്ടുള്ളത്. പള്‍സര്‍ എന്‍എസ് 160-ക്ക് കരുത്ത് പകര്‍ന്നിരുന്ന 160.3 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് ഈ സ്ട്രീറ്റ് 160-യിലും പ്രവര്‍ത്തിക്കുന്നത്. ഇത് 15 ബിഎച്ച്പി പവറും 14.6 എന്‍എം ടോര്‍ക്കുമേകും. 5 സ്പീഡാണ് ഗിയര്‍ബോക്സ്.അടുത്തിടെ നിരത്തിലെത്തിയ സുസുക്കി ഇന്‍ട്രൂഡറാണ് ഇതിന്റെ പ്രധാന എതിരാളി. എന്നാല്‍, ഈ എതിരാളിയെക്കാള്‍ 20,000 രൂപ സ്ട്രീറ്റ് 160-ന് കുറവാണ്. Bajaj Avenger Street 160 Deliveries Begin