ഹാര്‍ലി ഡേവിഡ്‌സണ്‍ ബഹിഷ്‌കരിക്കാന്‍ ട്രംപിന്റെ പരസ്യപിന്തുണ

ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ ബഹിഷ്‌കരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പരസ്യപിന്തുണ. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പരസ്യപിന്തുണ. ബൈക്ക് ഉത്പാദനം അമേരിക്കയ്ക്ക് പുറത്തേക്ക് മാറ്റിസ്ഥാപിക്കാനുള്ള ഹാര്‍ലിയുടെ ഉറച്ചതീരുമാനമാണ് ട്രംപിനെ വീണ്ടും ചൊടിപ്പിച്ചത്. അമേരിക്കന്‍ നിര്‍മ്മിത ഇരുചക്ര വാഹനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഇറക്കുമതി തീരുവ കൂട്ടിയതിനെ തുടര്‍ന്നാണ് അമേരിക്ക വിടാനുള്ള ഹാര്‍ലിയുടെ തീരുമാനം. നേരത്തെ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഉരുക്കിനും അലൂമിനിയത്തിനും പുതിയ നികുതികള്‍ ഏര്‍പ്പെടുത്തിയ ട്രംപ് ഭരണകൂടത്തോടുള്ള പ്രതിഷേധാര്‍ഹമാണ് യൂറോപ്യന്‍ യൂണിയന്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി കൂട്ടിയത്. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ ബഹിഷ്‌കരിക്കാനുള്ള ഉടമകളുടെ നീക്കത്തിന് ട്വിറ്ററില്‍ ട്രംപ് പിന്തുണയര്‍പ്പിച്ചു. ഉത്പാദനം അമേരിക്കയ്ക്ക് പുറത്തേക്ക് മാറ്റുകയാണെങ്കില്‍ ഹാര്‍ലി ബൈക്കുകള്‍ ഉടമകള്‍ ബഹിഷ്‌കരിക്കുമെന്നു ട്രംപ് കുറിച്ചു. ട്രംപിന്റെ ട്വീറ്റില്‍ അമേരിക്കന്‍ കമ്പനിയായ ഹാര്‍ലി ഡേവിഡ്‌സണ്‍ മറുപടി നല്‍കിയിട്ടില്ല. യൂറോപ്യന്‍ യൂണിയന്‍ നികുതി കൂട്ടിയതോടുകൂടി ഓരോ മോഡലിനും 2,200 ഡോളറോളം അധികമടച്ചാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ബൈക്കുകളെ കമ്പനി വില്‍പനയ്ക്ക് എത്തിക്കുന്നത്. 500 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള അമേരിക്കന്‍ ബൈക്കുകളില്‍ 25 ശതമാനമാണ് നികുതി വര്‍ധനവ്. നികുതി കൂട്ടിയ യൂറോപ്യന്‍ യൂണിയന്‍ നടപടിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം മൂന്നു കോടി ഡോളറിന്റെ അധികബാധ്യത കമ്പനി നേരിടുമെന്നാണ് വിലയിരുത്തല്‍.