ഇരട്ട തിളക്കത്തോടെ ടാറ്റ ഹാരിയർ

ഇരട്ട തിളക്കത്തോടെ ടാറ്റ ഹാരിയർ 

ടാറ്റ മോട്ടോഴ്സിന്റെ പുത്തൻ എസ് യു വിയായ ഹാരിയർ ഇനി ഇരട്ട വർണതിളക്കത്തോടെയും. സാമൂഹിക മാധ്യമങ്ങളിൽ ടാറ്റ മോട്ടോഴ്സ് പങ്കുവച്ച ടീസർ ക്യാംപെയ്നാണു ഹാരിയറിന്റെ ഇരട്ട വർണ പതിപ്പിനെക്കുറിച്ചു സൂചന നൽകുന്നത്; കറുപ്പും ഓറഞ്ചും(കലിസ്റ്റൊ കോപ്പർ — ബ്ലാക്ക്), കറുപ്പും സിൽവറും(ഏരിയൽ സിൽവർ — ബ്ലാക്ക്) നിറക്കൂട്ടിലാവും ‘ഹാരിയറി’ന്റെ വരവ്. വാഹനത്തിന്റെ ബോഡി ഓറഞ്ചും സിൽവറുമായി തുടരുകയും റൂഫിനു കോൺട്രാസ്റ്റായി കറുപ്പ് നിറം നൽകുകയും ചെയ്യുമെന്നു വേണം കരുതാൻ.
   ഇതുവരെ ടാറ്റ ഡീലർഷിപ്പുകൾ ‘ഹാരിയറി’ന് ഔദ്യോഗിക റൂഫ് ഗ്രാഫിക്സ് ലഭ്യമാക്കിയിരുന്നു. മേൽക്കൂര മുഴുവൻ മൂടുന്ന റൂഫ് റാപ്പാണ് ഡീലർ വഴി ലഭിച്ചിരുന്നത്. പുതിയ ഇരട്ട വർണ സങ്കലനം എത്തുന്നതോടെ ‘ഹാരിയറി’ന്റെ വിലയിൽ 60,000 രൂപയുടെ വരെ വർധനയ്ക്കു സാധ്യതയുണ്ടെന്നാണു സൂചന. നിലവിൽ കലിസ്റ്റൊ കോപ്പർ, ഏരിയൽ സിൽവർ, തെർമിസ്റ്റൊ ഗോൾഡ്, തെലെസ്റ്റൊ ഗ്രേ, ഒർകസ് വൈറ്റ് നിറങ്ങളിലാണു ‘ഹാരിയർ’ വിപണിയിലുള്ളത്. ‘ഹാരിയറി’ന്റെ അടിസ്ഥാന വകഭേദമായ ‘എക്സ് ഇ’യാവട്ടെ വെള്ള നിറത്തിൽ മാത്രമാണു വിൽപ്പനയ്ക്കുള്ളത്.
  ടാറ്റ ശ്രേണിയിൽ ഇരട്ട വർണത്തിളക്കത്തോടെ ലഭിക്കുന്ന ഏറ്റവും പുതിയ മോഡലുമാവും ‘ഹാരിയർ’; നിലവിൽ ‘ടിയാഗൊ’, ‘നെക്സൻ’, ‘ഹെക്സ’ എന്നിവയൊക്കെ ഇരട്ട വർണ സങ്കലനത്തിൽ വിൽപ്പനയ്ക്കുണ്ട്. കൂടാതെ പ്രകടനക്ഷമതയേറിയ പതിപ്പുകളായ ‘ടിയാഗൊ എൻ ആർ ജി’, ‘ടിയാഗൊ ജെ ടി പി’, ‘ടിഗൊർ ജെ ടി പി’ എന്നിവയും ഇരട്ട വർണത്തിലാണ് എത്തുന്നത്.
   നിറത്തിലെ പരിഷ്കാരത്തിനു പുറമെ ‘ഹാരിയറി’ന്റെ സാങ്കേതിക വിഭാഗത്തിലും ഗണ്യമായ മാറ്റത്തിനു ടാറ്റ മോട്ടോഴ്സ് തയാറെടുക്കുന്നുണ്ട്. കാറിലെ രണ്ടു ലീറ്റർ, ക്രയോടെക് ഡീസൽ എൻജിനെ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ് നിലവാരത്തിലേക്ക് ഉയർത്തുന്നതാവും ആദ്യ മാറ്റം. ബി എസ് ആറിലെത്തുന്നതോടെ ഫിയറ്റിൽ നിന്നു കടമെടുത്ത ഈ എൻജിൻ 170 ബി എച്ച് പിയോളം കരുത്താണു സൃഷ്ടിക്കുക; നിലവിൽ 160 ബി എച്ച് പിയാണ് ബി എസ് നാല് എൻജിന്റെ പരമാവധി കരുത്ത്.
    ഇതിനു പുറമെ ഹ്യുണ്ടെയിൽ നിന്നു കടമെടുക്കുന്ന ആറു സ്പീഡ്, ടോർക്ക് കൺവെർട്ടർ ഓട്ടമാറ്റിക് ഗിയർബോക്സും  ‘ഹാരിയറി’ൽ ഇടംപിടിക്കുന്നുണ്ട്. ഭാവിയിൽ 1.6 ലീറ്റർ പെട്രോൾ എൻജിനോടെയും ‘ഹാരിയർ’ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. കൂടാതെ വലിപ്പമേറിയ, ഏഴു സീറ്റുള്ള ‘ഹാരിയറും’ വികസനഘട്ടത്തിലുണ്ട്; ജനീവ മോട്ടോർ ഷോയിൽ ‘ബസാഡ്’ എന്ന പേരിൽ ടാറ്റ മോട്ടോഴ്സ് ഈ   മോഡൽ പ്രദർശിപ്പിച്ചിരുന്നു.
    Tata Harrier With Double Glare