ഇനി പെട്രോൾ വേണ്ട ,ടിവിഎസ്‌ അപ്പാച്ചെ ഓടുക എഥനോളില്‍

ഇനി  പെട്രോൾ വേണ്ട ,ടിവിഎസ്‌ അപ്പാച്ചെ ഓടുക എഥനോളില്‍


        എഥനോള്‍ ഇന്ധനമാക്കി ഓടുന്ന രാജ്യത്തെ ആദ്യ ബൈക്ക്‌ ടിവിഎസ് പുറത്തിറക്കി. ടിവിഎസിന്റെ മുന്‍നിര മോഡലുകളിലൊന്നായ അപ്പാച്ചെ ആര്‍ടിആര്‍ 200 സീരിസിലാണ് എഥനോള്‍ കമ്ബനി പരീക്ഷിക്കുന്നത്. അപ്പാച്ചെ RTR 200 Fi E100 എന്നാണ് പുതിയ മോഡലിന്റെ പേര്. 1.2 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില, റഗുലര്‍ പെട്രോളിനെക്കാള്‍ 9000 രൂപയോളം കൂടുതലാണിത്. ആദ്യ ഘട്ടത്തില്‍ മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, കര്‍ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമാണ് എഥനോള്‍ അപ്പാച്ചെ ലഭ്യമാവുക.

ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഗതാഗത ഉപരിതല വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് വാഹനം പുറത്തിറക്കിയത്. കഴിഞ്ഞ 2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലായിരുന്നു ഇതിന്റെ കണ്‍സെപ്റ്റ് മോഡല്‍ ടിവിഎസ് ആദ്യമായി അവതരിപ്പിച്ചത്. റഗുലര്‍ അപ്പാച്ചെ ആര്‍ടിആര്‍ 200 4V മോഡലില്‍നിന്ന് രൂപത്തില്‍ സമാനമാണ് പുതിയ എഥനോള്‍ മോഡല്‍. എഥനോള്‍ ബൈക്കാണെന്ന് അടയാളപ്പെടുത്താന്‍ ഇന്ധനടാങ്കില്‍ നല്‍കിയ പ്രത്യേക ഗ്രീന്‍ ഡീക്കല്‍സ്, ലോഗോ എന്നിവ മാത്രമാണ് രൂപത്തിലുള്ള മാറ്റം.
 അപ്പാച്ചെ ആര്‍ടിആര്‍ 200 പെട്രോള്‍ മോഡലിന്റെ അതേ റണ്ണിങ് കോസ്റ്റ് മാത്രമേ എഥനോള്‍ മോഡലിനും ചെലവഴിക്കേണ്ടതുള്ളുവെന്ന് കമ്ബനി പറയുന്നു. എഥനോളിന് പെട്രോളിനെക്കാള്‍ വിലയും കുറയും.

E100 200 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. റഗുലര്‍ മോഡലിന് സമാനമായ പവര്‍ ഇതിലും ലഭിക്കും. 8500 ആര്‍പിഎമ്മില്‍ 20.7 ബിഎച്ച്‌പി പവറും 7000 ആര്‍പിഎമ്മില്‍ 18.1 എന്‍എം ടോര്‍ക്കുമേകും ഇതിലെ എന്‍ജിന്‍. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. മണിക്കൂറില്‍ പരമാവധി 129 കിലോമീറ്ററാണ് വേഗത. 3.95 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗം കൈവരിക്കാനും സാധിക്കും. ട്വിന്‍-സപ്രേ-ട്വിന്‍-പോര്‍ട്ട് ഇഎഫ്‌ഐ സംവിധാനവും വാഹനത്തിലുണ്ട്. ഇതുവഴി ഉയര്‍ന്ന ത്രോട്ടില്‍ റെസ്‌പോണ്‍സും മികച്ച ഇന്ധനക്ഷമതയും വാഹനത്തില്‍ ലഭിക്കും. വളരെ കുറച്ച്‌ പുക മാത്രമേ എഥനോള്‍ മോഡല്‍ പുറത്തുവിടുകയുള്ളു.

പെട്രോള്‍-ഡീസല്‍ ഇന്ധനങ്ങള്‍ക്ക് ബദലായുള്ള പരിസ്ഥിതി സൗഹൃദ ബയോ ഫ്യുവലാണ് എഥനോള്‍. ഷുഗര്‍ ഫ്രാഗ്‌മെന്റേഷന്‍ പ്രോസസിലൂടെയാണ് എഥനോള്‍ ലഭിക്കുന്നത്. ഇന്ത്യയില്‍ ധാരാളമായി ലഭിക്കുന്ന ഗോതമ്ബ്, ചോളം, മറ്റു ധാന്യവിളകളെല്ലാം ഷുഗര്‍ സ്രോതസ്സുകളാണ്. എഥനോള്‍ ഇന്ധമാകുന്നതോടെ വാഹനത്തില്‍ നിന്ന് പുറംതള്ളുന്ന കാര്‍ബണ്‍ മോണോക്‌സൈഡിന്റെ അളവ് 35 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കും. പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന സള്‍ഫര്‍ ഡൈഓക്‌സൈഡിന്റെ അളവും ഇതുവഴി കുറയ്ക്കാം


No More Petrol, No TVS Apache Run On Ethanol.