ജീപ്പ് റാംഗ്ളര്‍ ഇനി മുതൽ മൊആബ്

ജീപ്പ് റാംഗ്ളര്‍ ഇനി മുതൽ  മൊആബ് 

 ഓഫ്റോഡിംഗ് ഓറിയന്‍റഡായ റാംഗ്ളര്‍ നിരയിലെ ഒന്നാമന്‍ റുബിക്കോണ്‍ ആണ് പുതിയ പരുക്കന്‍ ഭാവം ആവാഹിച്ച് ഇന്ത്യന്‍ നിരത്തുകളിലേക്കെത്തുന്നത്. പുതിയ രൂപത്തില്‍ മൊആബ് എന്നാകും വാഹനം അറിയപ്പെടുക.

കെട്ടിലും മട്ടിലും മാറ്റങ്ങളുമായി 2020 മോഡല്‍ ജീപ്പ് റാംഗ്ളര്‍ അടുത്ത മാസം അവസാനത്തോടെ ഇന്ത്യയില്‍ പുറത്തിറക്കും. ഓഫ്റോഡിംഗ് ഓറിയന്‍റഡായ റാംഗ്ളര്‍ നിരയിലെ ഒന്നാമന്‍ റുബിക്കോണ്‍ ആണ് പുതിയ പരുക്കന്‍ ഭാവം ആവാഹിച്ച് ഇന്ത്യന്‍ നിരത്തുകളിലേക്കെത്തുന്നത്. പുതിയ രൂപത്തില്‍ മൊആബ് എന്നാകും വാഹനം അറിയപ്പെടുക. നിലവിലുളള JK പ്ലാറ്റ്ഫോമിനേക്കാള്‍ കട്ടികുറഞ്ഞ JL പ്ലാറ്റ്ഫോമിലാണ് മൊആബ് പണികഴിച്ചിരിക്കുന്നത്. ഇതുവഴി 227 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് ലഭിക്കുന്ന റാംഗ്ളര്‍ മൊആബിന് മികച്ച ഓഫ്റോഡിംഗ് പെര്‍ഫോം ചെയ്യാനും 30 ഇഞ്ച് വരെ വെളളത്തില്‍ക്കൂടി സഞ്ചരിക്കാന്‍ സാധിക്കും. 
ഗ്രിപ്പ് കൂടിയ ഓഫ്റോഡിംഗ് ചക്രങ്ങളില്‍ കറുത്ത അലോയ് വീലുകള്‍ ഇടംപിടിച്ചിരിക്കുന്നു. ബോണറ്റിന്‍റെ വശങ്ങളില്‍ നല്‍കിയിരിക്കുന്ന മൊആബ് സ്റ്റിക്കറാണ് മറ്റൊരു പ്രധാന ആകര്‍ഷണം. റാംഗ്ളര്‍ മൊആബിന് ലഭിക്കുന്ന കോസ്മെറ്റിക് നവീകരണമാണ് റുബിക്കോണില്‍ നിന്നും ഈ സ്റ്റൈലിഷ് രൂപത്തെ മാറ്റിനിര്‍ത്തുന്നത്. 

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് റാംഗ്ളര്‍ ഇന്ത്യയിലെത്തുന്നത്. 283 bhp കരുത്തും 347 Nm ടോര്‍ക്കും നല്‍കുന്ന 3.6 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഒന്നാമത്തെ ഓപ്ഷന്‍. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇതില്‍ വരുന്നത്. രണ്ടാമതായി 271 bhp കരുത്തും 400 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന 2.0 ലിറ്റര്‍ T-GDi ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സാണ് ഈ പതിപ്പിന് ജീപ്പ് നല്‍കിയിരിക്കുന്നത്. 

അതേസമയം 198.5 bhp കരുത്തും 450 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ മള്‍ട്ടിജെറ്റ് II ഡീസല്‍ എഞ്ചിനും വിപണിയില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ഡീസല്‍ എഞ്ചിനിലും എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് നല്‍കാനാണ് സാധ്യത. 65 ലക്ഷം രൂപയാണ് ജീപ്പ് മൊആബിന് ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിക്കുന്ന എക്സ്ഷോറും വില. ജീപ്പ് വാഹനങ്ങള്‍ക്ക് ഇഷ്ടക്കാര്‍ ഏറെയുളള ഇന്ത്യയില്‍ മൊആബ് പുതിയൊരു വിഭാഗം ഉപഭോക്താക്കളെ സൃഷ്ടിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. 

ബ്ലാക്ക് ക്ലിയര്‍ കോട്ട്, മൊജിറ്റോ ക്ലിയര്‍ കോട്ട്, ഓഷ്യന്‍ ബ്ലു മെറ്റാലിക് ക്ലിയര്‍ കോട്ട് എന്നിങ്ങനെ പത്തോളം നിറങ്ങളില്‍ മൊആബ് ലഭ്യമാണ്. 17 ഇഞ്ച് ലോ-ഗ്ലോസ് അലുമിനിയം വീല്‍സ് ആണ് മൊആബില്‍ വന്നിരിക്കുന്ന പ്രധാന മാറ്റം. ഓഫ്റോഡിംഗ് സാഹചര്യങ്ങളില്‍ കൂടുതല്‍ ഗ്രിപ്പും പെര്‍ഫോമന്‍സും കാഴ്ച്ച വയ്ക്കാന്‍ പുതിയ ടയറുകള്‍ക്കാകും. സ്റ്റീല്‍ ബംപറും റോക്ക് റെയില്‍സും മൊആബിന്‍റെ ഓഫ്റോഡിംഗ് ആവശ്യകതകള്‍ മുന്‍കൂട്ടി നല്‍കിയിരിക്കുന്നവയാണ്. നവീകരിച്ച പ്രീമിയം എല്‍ഇഡി ഹെഡ്ലൈറ്റ് നിരയാണ് മുന്‍വശത്ത് ഇടംപിടിച്ചിരിക്കുന്നത്. 

പുറമെയുളള പരുക്കന്‍ ഭാവങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഉള്‍വശം. മികച്ച തുകലില്‍ പൊതിച്ച അകത്തളം വാഹനത്തിന് സ്റ്റൈലിഷ് ഭാവമാണ് സമ്മാനിക്കുന്നത്. 8.4 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്മെന്‍റ് സിസ്റ്റം, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിംഗിനൊപ്പം, റിയര്‍ ക്രോസ് പാത്ത് ഡിറ്റക്ഷന്‍ സംവിധാനവും മൊആബിലുണ്ട്. 9 സ്പീക്കറുകള്‍ അടങ്ങുന്ന ഓഡിയോ സിസ്റ്റമാണ് വാഹനത്തിലുളളത്. സുരക്ഷയ്ക്കായി ഡിസ്ക്ബ്രേക്കുകള്‍, എയര്‍ബാഗ്സ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള്‍, ഹില്‍ അസിസ്റ്റ്, ട്രാക്ഷന്‍ കണ്ട്രോള്‍ തുടങ്ങിയ സംവിധാനങ്ങളും മൊആബിലുണ്ട്. രണ്ട് വര്‍ഷത്തെ ബേസിക് വാറണ്ടിക്കൊപ്പം രണ്ട് വര്‍ഷത്തേക്ക് റോഡ് അസിസ്റ്റന്‍സും ജീപ്പ് വാദ്ഗാനം ചെയ്യുന്നുണ്ട്. 


Jeep Wrangler is No Longer Moab