ഹാർലി ഡേവിഡ്സന്റെ ലൈവ് വയർ ഇനി ഇന്ത്യയിലും

ഹാർലി ഡേവിഡ്സന്റെ ലൈവ് വയർ ഇനി  ഇന്ത്യയിലും


യു എസ് നിർമാതാക്കളായ ഹാർലി ഡേവിഡ്സന്റെ  ആദ്യ വൈദ്യുത ബൈക്കായ ലൈവ് വയർ ഇന്ത്യയിലും അനാവരണം ചെയ്തു. യു എസിൽ സൗജന്യ ചാർജിങ് സൗകര്യം വാഗ്ദാനം ചെയ്തു ഹാർലി ഡേവിഡ്സൻ അവതരിപ്പിക്കുന്ന ലൈവ് വയർ വൈകാതെ ഇന്ത്യയിലും വിൽപ്പനയ്ക്കെത്തുമെന്നാണു സൂചന. ബൈക്ക് വാങ്ങി ആദ്യ രണ്ടു വർഷക്കാലം ഡീലർഷിപ്പുകൾ മുഖേന ലൈവ് വയറിലെ ബാറ്ററി സൗജന്യമായി ചാർജ് ചെയ്യാനുള്ള അവസരമാണു ഹാർലി ഡേവിഡ്സൻ യു എസിൽ ലഭ്യമാക്കുന്നത്.

ഇലക്ട്രിഫൈ അമേരിക്കൻ സ്റ്റേഷനുകളിൽ 500 കിലോവാട്ട് അവർ ചാർജിങ്ങിനുള്ള സൗകര്യവും യു എസിലെ ലൈവ് വയർ ഉടമകൾക്കു ലഭിക്കും. അമേരിക്കൻ വിപണിയിൽ 29,799 ഡോളർ(ഏകദേശം  20.43 ലക്ഷം രൂപ) ആണു ബൈക്കിനു വില. ആദ്യ ഘട്ടത്തിൽ യു എസിലും കാനഡയിലും പ്രമുഖ യൂറോപ്യൻ വിപണികളിലുമാവും ലൈവ് വയർ വിൽപ്പനയ്ക്കെത്തുക. തുടർന്ന് വരുന്ന രണ്ടു വർഷത്തിനിടെ ആഗോളതലത്തിൽ തന്നെ ഹാർലി ഡേവിഡ്സന്റെ വൈദ്യുത ബൈക്ക് ലഭ്യമാവും.ഹാർലി ഡേവിഡ്സന്റെ ക്രൂസർ ബൈക്കുകളുടെ പകിട്ട് കൈവിടാതെ എത്തുന്ന ‘ലൈവ് വയറി’ൽ അത്യാധുനിക സാങ്കേതികവിദ്യയും കമ്പനി ഉറപ്പാക്കുന്നുണ്ട്. വൈദ്യുത പവർട്രെയ്നിന്റെ മികവിൽ പ്രകടനക്ഷമതയിലും വിട്ടുവീഴ്ച ചെയ്യാതെയാണു ‘ലൈവ് വയറി’ന്റെ വരവെന്നു ഹാർലി ഡേവിഡ്സൻ അവകാശപ്പെടുന്നു.

നോയ്സ്, വൈബ്രേഷൻ, ഹാർഷ്നെസ് എന്നിവയിൽ കർശന നിയന്ത്രണത്തോടെ ദൃഢതയേറിയ അലൂമിനിയം ഫ്രെയിമിലാണു ഹാർലി ഡേവിഡ്സൻ ലൈവ് വയർ സാക്ഷാത്കരിച്ചിരിക്കുന്നത്. ഓപ്റ്റിമൈസ്ഡ് സെന്റർ ഓഫ് ഗ്രാവിറ്റിക്കൊപ്പം പ്രീമിയം അഡ്ജസ്റ്റബ്ൾ സസ്പെൻഷൻ ഘടകങ്ങളും ബൈക്കിന്റെ മികവായി നിർമാതാക്കൾ അവതരിപ്പിക്കുന്നു. അർബൻ സ്ട്രീറ്റ് റൈഡറായി രൂപകൽപ്പന ചെയ്ത ബൈക്കിന് ഒറ്റ ചാർജിൽ 235 കിലോമീറ്റർ പിന്നിടാനാവുമെന്നും ഹാർലി ഡേവിഡ്സൻ അവകാശപ്പെടുന്നു

നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ‘ലൈവ് വയറി’ന് വെറും മൂന്നു സെക്കൻഡു മതിയെന്നാണു ഹാർലി ഡേവിഡ്സന്റെ കണക്ക്; 100 കിലോമീറ്ററിൽ നിന്നു പരമാവധി വേഗമായ 129 കിലോമീറ്ററിലെത്താനാവട്ടെ വെറും 1.9 സെക്കൻഡ് കൂടിയും.ഡി സി ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ വെറും 60 മിനിറ്റിനകം ബൈക്കിലെ ബാറ്ററി പൂർണതോതിൽ ചാർജ് ചെയ്യാനാവും; അതിൽ തന്നെ 80% ചാർജിങ് പൂർത്തിയാക്കാൻ വെറും 40 മിനിറ്റ് മതിയാവും.

പൂർണമായും ക്രമീകരിക്കാവുന്ന ഷോവ ബി എഫ് ആർ സി മോണോ ഷോക്ക് പിൻ സസ്പെൻഷൻ, ഷോവ എസ് എഫ് എഫ് — ബി പി മുൻ സസ്പെൻഷൻ, 300 എം എം ഇരട്ട ബ്രംബൊ മോണോ ബ്ലോക്ക് മുൻ ബ്രേക്ക് തുടങ്ങിയവയൊക്കെ ‘ലൈവ് വയറി’ൽ ഹാർലി ഡേവിഡ്സൻ സജ്ജമാക്കിയിട്ടുണ്ട്. മികച്ച പ്രകടനം ഉറപ്പാക്കാനായി മുന്നിൽ 120 എം എം, പിന്നിൽ 180 എം എം മിഷെലിൻ സ്ക്രോച്ചർ സ്പോർട് ടയറുകളും ബൈക്കിലുണ്ട്. റിഫ്ളക്സ് ഡിഫെൻസീവ് റൈഡർ സിസ്റ്റം, എ ബി എസ്, കോണറിങ് എൻഹാൻസ്ഡ് ട്രാക്ഷൻ കൺട്രൾ, ഡ്രാഗ് ടോർക്സ്ലിപ് കൺട്രോൾ സിസ്റ്റം, 4.3 ഇഞ്ച് കളർ ടി എഫ് ടി സ്ക്രീൻ, ഏഴു റൈഡിങ് മോഡ്, ഡേ മേക്കർ എൽ ഇ ഡി ഹെഡ്ലാംപ്, എച്ച് — ഡി കണക്ട് എന്നിവയെല്ലാം സഹിതമാണ് ‘ലൈവ് വയറി’ന്റെ വരവ്.


Harley Davidson's Live Wire Is Now In India