വാഹനകൾക്ക് വില കുറവിന് സാധ്യത

വാഹനകൾക്ക് വില കുറവിന് സാധ്യത 

         ഇന്ത്യൻ വാഹനങ്ങൾ 2020 ൽ ഭാരത് സ്റ്റേജ് 6 നിലവാരം കൈവരിക്കണം എന്ന് സർക്കാർ പ്രഖ്യാപിച്ചത്  2016 ലാണ്. കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിയുടെ ഈ നിർദേശം ചൂടേറിയ ചർച്ചകൾക്കു വഴിയൊരുക്കിയിരിക്കുന്നു. എണ്ണക്കമ്പനികളെയും വാഹനനിർമാതാക്കളെയും ഒരു പോലെ ആശങ്കയിൽ ആഴ്ത്തിയിരിക്കുകയാണിത്. ഈ ആശങ്കയുടെ ഭാഗമായിട്ടാണ് കമ്പനികള്‍ സുപ്രീം കോടതിയെ സമീപിച്ചതും 2020 ഏപ്രിൽ 1 മുതൽ ബിഎസ് 6 വാഹനങ്ങൾ മാത്രേ വിൽക്കാൻ പറ്റു എന്ന വിധി ഇപ്പോൾ വന്നിട്ടുള്ളതും. എന്താണ് ബിഎസ്6, ഈ നിലവാരത്തിലെത്തിയാൽ എന്തൊക്കെയാണ് ഗുണങ്ങൾ.
    2000 ലാണ് കേന്ദ്രസർക്കാർ ആദ്യമായി വായുമലിനീകരണം നിയന്ത്രിക്കുകയെന്ന ഉദ്ദേശ്യത്തോടെ വായുമലിനീകരണ നിലവാര മാർഗരേഖ നിശ്ചയിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ അന്നു നിലവിലിരുന്ന മാർഗരേഖകൾ പിന്തുടർന്നായിരുന്നു ഇത്. വാഹനങ്ങളിൽ നിന്നുള്ള വായുമലിനീകരണം കുറയ്ക്കുകയെന്നതാണ് ഈ മാർഗരേഖയുടെ പ്രധാന ഉദ്ദേശ്യം. എന്നാൽ ഈ നിലവാരം കൈവരിക്കുന്നതിന് വാഹന എന്‍ജിനുകളിൽ മാത്രമല്ല ഇന്ധനത്തിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഇന്ത്യയിൽ ഇന്നു വിൽക്കുന്ന പെട്രോൾ, ഡീസൽ ഇന്ധനങ്ങൾ ഇപ്പോൾ യൂറോപ്പിൽ പ്രാബല്യത്തിലുള്ള യൂറോ 2, യൂറോ 3, യൂറോ 4 പുക നിയന്ത്രണ നിലവാരത്തിലുള്ളതാകണമെന്നാണു നിയമം അനുശാസിക്കുന്ന വ്യവസ്ഥ.
     ബിഎസ് 6 നിലവാരം കൈവരിക്കണമെങ്കിൽ വാഹനം മാത്രമല്ല ഇന്ധനവും ആ നിലവാരത്തിലേയ്ക്ക് ഉയരേണ്ടതുണ്ട്. ബിഎസ് 4 ഇന്ധനവും ബിഎസ് 6 ഇന്ധനവും തമ്മിലുള്ള പ്രധാന വ്യത്യാസം അതിലെ സൾഫറിന്റെ അംശമാണ്. ബിഎസ് 4 ഇന്ധനത്തിൽ 50പിപിഎം സർ‌ഫർ അടങ്ങിയിട്ടുണ്ടെങ്കിൽ ബിഎസ്6 അത് 10 പിപിഎം മാത്രമായി ഒതുങ്ങുന്നു. ബിഎസ് 6 ന്റെ വരവോടു കൂടി പെട്രോൾ, ഡീസൽ വാഹനങ്ങളിൽ നിന്ന് പുറം തള്ളുന്ന നൈറ്റജൻ ഓക്സൈഡിന്റെ അളവ് പകുതിയിൽ അധികം കുറയും. ബിഎസ് 6 നിരവാരത്തിൽ ഒരു വാഹനം നിർമിക്കുക എന്നാൽ അതിന്റെ ആദ്യ ഘട്ടം മുതൽ മാറ്റങൾ ആവശ്യമാണ്. ഉപയോഗിക്കുന്ന ഘടകങ്ങളും സുരക്ഷയ്ക്കും അടക്കം ബിഎസ് 6 നിലവാരത്തിലെത്തിക്കണം.
    അടുത്ത ഏപ്രിൽ മുതൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള വാഹനങ്ങൾ മാത്രം വിൽക്കണമെന്ന വ്യവസ്ഥ വരും മാസങ്ങളിൽ കനത്ത വിലക്കിഴിവിനു വഴി വയ്ക്കുമെന്ന് ഇരുചക്രവാഹന നിർമാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡ്. മലിനീകരണ നിയന്ത്രണത്തിൽ ബി എസ് ആറ് നിലവാരമുള്ള വാഹനം മാത്രമേ 2020 ഏപ്രിൽ മുതൽ വിൽക്കാൻ അനുവദിക്കൂ എന്ന തീരുമാനത്തിന്റെ പ്രത്യാഘാതം പ്രവചനാതീതമാവുമെന്നും കമ്പനി അഭിപ്രായപ്പെട്ടു. എന്തായാലും ഈ തീരുമാനത്തിന്റെ ഫലമായി നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ കെട്ടിക്കിടക്കുന്ന സ്റ്റോക്ക് ഒഴിവാക്കാൻ നീതീകരിക്കാനാവാത്ത ആദായ വിൽപ്പന പ്രതീക്ഷിക്കാമെന്നും 2018 – 19ലെ വാർഷിക റിപ്പോർട്ടിൽ കമ്പനി കരുതുന്നു.
    കമ്പനിയുടെ മോട്ടോർ സൈക്കിളുകളും ത്രിചക്രവാഹനങ്ങളും ക്വാഡ്രിസൈക്കിളുമെല്ലാം 2020 ഏപ്രിലിനു മുമ്പു തന്നെ ബി എസ് ആറ് നിലവാരം കൈവരിക്കുമെന്നു ബജാജ് ഓട്ടോ വ്യക്തമാക്കി. എന്നാൽ ബി എസ് ആറ് നിലവാരം കൈവരിക്കാൻ എതിരാളികൾ തയാറാണോ എന്നു വ്യക്തമല്ലെന്നും ബജാജ് വെളിപ്പെടുത്തുന്നു. പോരെങ്കിൽ പല നിർമാതാക്കളുടെ പക്കലും ബി എസ് നാല് നിലവാരമുള്ള സ്റ്റോക്ക് വൻതോതിൽ കെട്ടിക്കിടക്കാനും സാധ്യതയുണ്ട്. 2020 ഏപ്രിലിനു മുമ്പേ ഇവ വിറ്റഴിക്കാനുള്ള തീവ്രശ്രമം വമ്പൻ വിലക്കിഴിവിനു വഴി വയ്ക്കുമെന്നും ഇതു നിർമാതാക്കൾക്കാകെ ഹാനികരമാവുമെന്നും ബജാജ് ഓട്ടോ കരുതുന്നു. എങ്കിലും 16,000 കോടിയോളം രൂപ നീക്കിയിരുപ്പ് ഉള്ളതിനാൽ വില അടിസ്ഥാനത്തിലുള്ള മത്സരം നേരിടാൻ ബജാജ് സുസജ്ജമാണെന്നും കമ്പനി അവകാശപ്പെടുന്നു.

      എങ്കിലും ഇത്തരം മാറ്റങ്ങളുടെ ഫലമായി ആഭ്യന്തര വിപണി കൂടുതൽ മത്സരക്ഷമമാവുമെന്നും ബജാജ് പ്രതീക്ഷ പ്രകടിപ്പിച്ചു. ഇരുചക്രവാഹന വിപണിയിൽ ഏതെങ്കിലും നിർമാതാവിന് സമഗ്ര ആധിപത്യം അവകാശപ്പെടാനാവുന്ന കാലം കഴിഞ്ഞെന്നും കമ്പനി വിലയിരുത്തുന്നു.വിദേശ വിപണികളിൽ വിജയം കൊയ്തതും കമ്പനിക്കു കരുത്താകുന്നുണ്ടെന്നാണു ബജാജ് ഓട്ടോയുടെ വിലയിരുത്തൽ. വൈവിധ്യമുള്ള വിപണികൾ എന്നതിനു പുറമെ ഇന്ത്യയെ പോലെ കടുത്ത മത്സരം നേരിടുന്നില്ല എന്നതും കയറ്റുമതിയുടെ നേട്ടമായി ബജാജ് ഓട്ടോ ചൂണ്ടിക്കാട്ടുന്നു.
                     
Vehicles Are Likely To Get Cheaper