ഔഡിയുടെ ആഡംബര ഇലക്ട്രിക്ക് കാർ ഇന്ത്യയിലേക്ക്

ഔഡിയുടെ  ആഡംബര ഇലക്ട്രിക്ക് കാർ ഇന്ത്യയിലേക്ക് 

     ഔഡിയുടെ വൈദ്യുത കാറായ ഇ-ട്രോൺ ഇന്ത്യയിൽ അനാവരണം ചെയ്തു. കഴിഞ്ഞ വർഷം നവംബറിൽ ആഗോളതലത്തിൽ അരങ്ങേറിയ വൈദ്യുത സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മാണ് ഇപ്പോൾ ഇന്ത്യയിലുമെത്തുന്നത്. ഔഡി ശ്രേണിയിലെ ആദ്യ വൈദ്യുത മോഡലെന്ന പെരുമയോടെയാണ് ഇ -ട്രോൺ എത്തുന്നത്. ഓരോ ആക്സിലിലും ഓരോ മോട്ടോർ എന്ന കണക്കിൽ രണ്ടു വൈദ്യുത മോട്ടോറുകളാണ് ഇ-ട്രോണിനു കരുത്തേകുന്നത്. മൊത്തം 360 പി എസ് കരുത്തും 561 എൻ എം ടോർക്കുമാണ് ഈ മോട്ടോറുകൾ സൃഷ്ടിക്കുക; അതിനാൽ നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ഇ - ട്രോണിനു വെറും 6.6 സെക്കൻഡ് മതിയെന്നാണ് ഔഡിയുടെ അവകാശവാദം.
          ഇതിനു പുറമെ ഓട്ടമാറ്റിക് ബൂസ്റ്റ് മോഡും ഈ എസ് യു വിയിലുണ്ട്; അദികമായി 48 പി എസ് കരുത്തും 103 എൻ എം ടോർക്കുമാണ് ഈ മോഡിൽ ലഭിക്കുക. ഇതോടെ നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ വേണ്ട സമയം 5.7 സെക്കൻഡായി കുറയുമെന്നും ഔഡി വിശദീകരിക്കുന്നു.അതുപോലെ ഔഡിയുടെ ക്വാട്രോ ഓൾ വീൽ ഡ്രൈവ് സംവിധാനത്തോടെ എത്തുന്ന കാറിൽ മെക്കാനിക്കൽ ഗീയറുകൾക്കു പകരം വീലുകളിലേക്കുള്ള കരുത്തിനെ നിയന്ത്രിക്കുന്നത് ഇലക്ട്രോണിക് സംവിധാനമാണ്. ഇ - ട്രോണിന്റെ പരമാവധി വേഗം മണിക്കൂറിൽ 200 കിലോമീറ്ററായി ഔഡി പരിമിതപ്പെടുത്തിയിട്ടുണ്ട്.

   ഇ-ട്രോണിൽ 95 കിലോവാട്ട് അവർ ബാറ്ററി പായ്ക്കാണ് ഔഡി ലഭ്യമാക്കുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 400 കിലോമീറ്റർ ഓടാൻ കാറിനാവുമെന്നും ഔഡി വെളിപ്പെടുത്തുന്നു. സാധാരണ എ സി ചാർജിങ് സംവിധാനം ഉപയോഗിച്ചു കാറിലെ ബാറ്ററി ചാർജ് ചെയ്യാൻ നാലര മുതൽ എട്ടര മണിക്കൂർ വരെ സമയമെടുക്കും, അതേസമയം ഡി സി അതിവേഗ ചാർജറിൽ അര മണിക്കൂറിൽ ഈ ബാറ്ററി ചാർജ് ചെയ്യാനാവും. ഇക്കൊല്ലം അവസാനമോ അടുത്ത വർഷം ആദ്യമോ ഇ - ട്രോൺ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കാനാണ് ഔഡി ഒരുങ്ങുന്നത്. വില സംബന്ധിച്ച് ഔദ്യോഗിക വെളിപ്പെടുത്തലൊന്നുമില്ലെങ്കിലും ഇ — ട്രോൺ സ്വന്തമാക്കാൻ ഒരു കോടിയോളം രൂപ മുടക്കേണ്ടി വരുമെന്നാണു സൂചന. ഈ വിലയ്ക്കാണെങ്കിലും ഇന്ത്യയിൽ പ്രതിവർഷം ഇരുനൂറോളം ഇ — ട്രോൺ വിറ്റഴിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഔഡി.
  
Audi Launches Luxury Electric Car In India