5 വർഷംകൊണ്ട് ഹ്യുണ്ടായ് പുറത്തിറക്കുന്നത് 44 ഇലക്ട്രിക് വാഹന മോഡലുകള്‍

5  വർഷംകൊണ്ട്  ഹ്യുണ്ടായ് പുറത്തിറക്കുന്നത് 44 ഇലക്ട്രിക് വാഹന മോഡലുകള്‍

2025 ഓടെ ആഗോളതലത്തില്‍ ആകെ 44 ഇലക്ട്രിക് വാഹന മോഡലുകള്‍ പുറത്തിറക്കുമെന്ന് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പ് . സോളിലെ കമ്പനി ആസ്ഥാനത്ത് നടന്ന പുതുവത്സര ചടങ്ങില്‍ ഹ്യുണ്ടായി മോട്ടോര്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ (ഇവിസി) യൂസുന്‍ ചുങാണ് ഭാവി പദ്ധതികള്‍ പ്രഖ്യാപിച്ചത്. ഹ്യുണ്ടായി മോട്ടോര്‍ കമ്പനി, കിയ മോട്ടോഴ്‌സ്, ജെനസിസ് മോട്ടോര്‍ എന്നീ ഓട്ടോമോട്ടീവ് ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് ഹ്യുണ്ടായിമോട്ടോര്‍ ഗ്രൂപ്പ്.

ഇലക്ട്രിക് വാഹന (ഇവി) വിപണിയിലെ നേതൃസ്ഥാനം ഉറപ്പിക്കുകയാണ് ലക്ഷ്യമെന്ന് യൂസുന്‍ ചുങ് പറഞ്ഞു. ഇതിനായി ഇവി പ്ലാറ്റ്‌ഫോമുകളും പ്രധാന വാഹനഘടകങ്ങളും വികസിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം വിവിധ എസ്‌യുവി മോഡലുകളുടെ ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റുകള്‍ വിപണിയിലെത്തിക്കാനാണ് ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പിന്റെ പദ്ധതി. കിയ സൊറെന്റോ, ഹ്യുണ്ടായ് ടൂസോണ്‍, ഹ്യുണ്ടായ് സാന്റ ഫേ തുടങ്ങിയ മോഡലുകളുടെ ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റുകളാണ് പരിഗണനയിലുള്ളത്.44 ഇലക്ട്രിക് വാഹന മോഡലുകളില്‍ 11 എണ്ണം പൂര്‍ണ ഓള്‍ ഇലക്ട്രിക് വാഹനങ്ങള്‍ ആയിരിക്കും. നിലവില്‍ ആഗോളതലത്തില്‍ 24 ഇലക്ട്രിക് വാഹന മോഡലുകളാണ് ഹ്യുണ്ടായുടെ പക്കലുള്ളത്. 2025 ഓടെ ഈ എണ്ണം ഇരട്ടിയോളമെത്തിക്കുകയാണ് ലക്ഷ്യം.

ഫ്യൂവല്‍ സെല്‍ ഇലക്ട്രിക് വാഹനങ്ങളില്‍ കൂടാതെ, മറ്റ് മേഖലകളിലും ഫ്യൂവല്‍ സെല്‍ സംവിധാനം ലഭ്യമാക്കുമെന്ന് ചുങ് പറഞ്ഞു. വിവിധ കമ്പനികളുമായി സഹകരിച്ച് ലോകമെങ്ങും ഹൈഡ്രജന്‍ ഇക്കോസിസ്റ്റം വിപുലീകരിക്കുമെന്ന് യൂസുന്‍ ചുങ് കൂട്ടിച്ചേര്‍ത്തു. ഒരു ഊര്‍ജസ്രോതസ്സായി ഹൈഡ്രജന്‍ ഉപയോഗിക്കുന്നതിലൂടെ കാര്‍ബണ്‍ പുറന്തള്ളലും അതുവഴി ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനവും കുറയ്ക്കാന്‍ കഴിയുന്നതാണ് ഹൈഡ്രജന്‍ ലോകവ്യവസ്ഥ.ഭാവിയില്‍ വാഹനങ്ങള്‍, കപ്പലുകള്‍, റെയ്ല്‍കാറുകള്‍, ഫോര്‍ക്ക്‌ലിഫ്റ്റുകള്‍ തുടങ്ങിയ പ്രധാനപ്പെട്ട ഗതാഗത മേഖലകളിലെ അതാത് കമ്പനികള്‍ക്ക് ഫ്യൂവല്‍ സെല്‍ സംവിധാനം വിതരണം ചെയ്യാനാണ് ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പ് ആലോചിക്കുന്നത്. വൈദ്യുതി ഉല്‍പ്പാദന മേഖലയിലും ഫ്യൂവല്‍ സെല്‍ സംവിധാനം വിതരണം ചെയ്യും. 2030 ഓടെ ലോകമെങ്ങും രണ്ട് ലക്ഷം ഫ്യൂവല്‍ സെല്‍ സംവിധാനങ്ങള്‍ വിതരണം ചെയ്യുകയാണ് ലക്ഷ്യം. വര്‍ഷംതോറും അഞ്ച് ലക്ഷം ഫ്യൂവല്‍ സെല്‍ ഇലക്ട്രിക് വാഹനങ്ങള്‍ (എഫ്‌സിഇവി) നിര്‍മിക്കുന്നതിന് ദക്ഷിണ കൊറിയയില്‍ പ്ലാന്റ് സ്ഥാപിക്കുമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പ് അറിയിച്ചു.

ഡ്രൈവറില്ലാ കാറുകള്‍ (ഓട്ടോണമസ് വാഹനം (എവി)/സെല്‍ഫ് ഡ്രൈവിംഗ് കാര്‍/റോബോട്ടിക് കാര്‍) വികസിപ്പിക്കുന്നതിലും ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിക്കും. ലെവല്‍ 4 (ഹൈ ഡ്രൈവിംഗ് ഓട്ടോമേഷന്‍), ലെവല്‍ 5 (ഫുള്‍ ഡ്രൈവിംഗ് ഓട്ടോമേഷന്‍) കാറുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാക്കുകയാണ് പദ്ധതി. 2022 ഓടെ സ്വന്തമായി ഓട്ടോണമസ് ഡ്രൈവിംഗ് പ്ലാറ്റ്‌ഫോം വികസിപ്പിക്കും. ഇതേതുടര്‍ന്ന്, 2023 ഓടെ തെരഞ്ഞെടുത്ത വിവിധ ലോക പ്രദേശങ്ങളില്‍ ഓട്ടോണമസ് വാഹനങ്ങള്‍ പ്രവര്‍ത്തിപ്പിക്കും. 2024 പകുതിയോടെ ഓട്ടോണമസ് വാഹനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിച്ചുതുടങ്ങും.ഇതിനെല്ലാം പുറമേ, പുതിയ സാങ്കേതികവിദ്യകളില്‍ പ്രവേശിക്കുമെന്നും കമ്പനി അറിയിച്ചു. ഹ്യുണ്ടായിയുടെ അര്‍ബന്‍ എയര്‍ മൊബിലിറ്റി (യുഎഎം) അനുസരിച്ച് പേഴ്‌സണല്‍ എയര്‍ വാഹനങ്ങള്‍ (പിഎവി) അഥവാ പറക്കുംകാറുകള്‍ വികസിപ്പിക്കും. 2020ലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ (സിഇഎസ്) വാഹനത്തെ പ്രദര്‍ശിപ്പിക്കാനാണ് കമ്പനിയുടെ നീക്കം.

പേഴ്‌സണല്‍ എയര്‍ വെഹിക്കിള്‍ കണ്‍സെപ്റ്റാണ് പ്രദര്‍ശിപ്പിക്കുന്നത്. അര്‍ബന്‍ എയര്‍ മൊബിലിറ്റിയുടെ ഭാഗമായാണ് പറക്കും കാറുകളിലേക്ക് കമ്പനി തിരിയുന്നത്. പറക്കും കാര്‍ വിഭാഗം (അര്‍ബന്‍ എയര്‍ മൊബിലിറ്റി) രൂപീകരിച്ച ആദ്യ വാഹന നിര്‍മാതാക്കളാണ് ഹ്യുണ്ടായ് മോട്ടോര്‍സ്. പ്രശസ്ത എയ്‌റോനോട്ടിക്‌സ് എന്‍ജിനീയറായ ഡോ. ജയ് വണ്‍ ഷിന്‍ ആണ് അര്‍ബന്‍ എയര്‍ മൊബിലിറ്റി വിഭാഗത്തിന്റെ മേധാവി.പുതിയ വിഭാഗത്തിന് എത്ര തുകയാണ് വകയിരുത്തിയത് എന്ന കാര്യം ഹ്യുണ്ടായ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഭാവി സാങ്കേതികവിദ്യകളില്‍ രണ്ട് ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.പറക്കും കാര്‍ കൂടാതെ ഒരു പര്‍പ്പസ് ബില്‍റ്റ് വെഹിക്കിളും ഹ്യുണ്ടായ് പ്രദര്‍ശിപ്പിക്കും. വളരെയധികം കസ്റ്റമൈസ് ചെയ്യാവുന്നതും ഓട്ടോണമസ് ഡ്രൈവിംഗ് സവിശേഷതകളുമുള്ള കണ്‍സെപ്റ്റ് ആയിരിക്കും പര്‍പ്പസ് ബില്‍റ്റ് വെഹിക്കിള്‍. ഇതുവഴി ഭാവിയിലെ വാഹന ഗതാഗതം സംബന്ധിച്ച തങ്ങളുടെ കാഴ്ച്ചപ്പാട് പ്രഖ്യാപിക്കുകയാണ് ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കള്‍.